Sorry, you need to enable JavaScript to visit this website.

അംഗസംഖ്യയും അലങ്കാരവും കാർട്ടൂൺ ഷോയും

കുറച്ചുനാളായി വല്ലാത്ത ഒരു ഭീഷണിയുടെ മുന്നിൽ മുട്ടുകുത്തി കഴിയുകയാണ് നാട്ടുകാർ. പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുന്ന പിള്ളേരേപ്പോലെ, ചിലർ രാവിലെ പത്രം നിവർത്തി അതിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കും. സർക്കസ് കൂടാരത്തിലെ മരണക്കിണറ്റിൽ ബൈക്ക് ഓടിക്കുന്നവന്റെ അവസ്ഥയാണ് അക്കൂട്ടർക്ക്. മറ്റു ചിലർക്ക് 'നാളെ, നാളെയാണ് നറുക്കെപ്പെടുപ്പ്'- എന്ന അവസ്ഥയാണ്. ഈ 'നാളെ' നാലോ അഞ്ചോ മാസം നീണ്ടുപോകും. പണ്ട് ഭൂട്ടാൻ ഭാഗ്യക്കുറി എടുത്തിരുന്ന പലരും തീയതി കഴിഞ്ഞ് മാസം നോക്കുമ്പോഴാണ് അടുത്ത ഫെബ്രുവരി അവസാനമല്ലേ നറുക്കെടുപ്പ് എന്ന വസ്തുത തിരിച്ചറിയുന്നതും, സമീപത്തെ മൈൽകുറ്റിയിൽ ഇരുന്നുപോകുന്നതും. പോട്ടെ, സാരമില്ല. 'കുറ്റിപ്പുറത്തു കേശവൻ നായർ' എന്ന പഴയ കവിയുടെ കാര്യം പറഞ്ഞ് സഹപ്രവർത്തകർ സഹതപിച്ചിരുന്നുവത്രേ! കുറ്റിപ്പുറത്തെ ആ ഇരിപ്പ് എത്ര വേദനാജനകമായിരിക്കും എന്നോർത്താണ് ഇതര കവികൾ. നിളാനദിക്കരയിൽ ഒന്നിച്ചിരുന്നു വിലപിച്ചിരുന്നത്. ഇന്ന് കാലം മാറി. നാട്ടുകാർ ഭക്തപ്പെടുവാൻ തുടങ്ങി. എന്നാണ് തന്റെ നറുക്കു വീഴുന്നതെന്നറിയാൻ, പുരനിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളെപ്പോലെ ചിലർ കേരളമെമ്പാടും നോക്കെത്താദൂരത്തു കണ്ണുനട്ട് ഇരിപ്പാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റും കവിയുമായ പി.എസ്. വെൺമണി എന്ന ശ്രീധരൻപിള്ള വക്കീലാണ് ആൾക്കാരെ മുൾമുനയിൽ നിർത്തി രസിക്കുന്നത്. കേരളത്തിൽ ബി.ജെ.പിയിൽ ചേർന്ന പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിക്കുമത്രേ! അതിന് ഇത്ര വലിയൊരു പ്രസ്താവന വേണമോ? സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളവരുടെ പട്ടിക കാര്യമാണെങ്കിൽ മനസ്സിലാക്കാം. ഇവിടെ ചില സാധുക്കൾ, ഇരു കമ്യൂണിസ്റ്റു പാർട്ടികളിലും നിന്നു കാൽകഴിച്ചിട്ട് വക്കീലിന്റെ തിണ്ണയിൽ കയറി ഇരുന്നിരിക്കാം. മറ്റു പ്രമുഖരുടെ പട്ടികയും ഉണ്ടാകും. നാട് ഒന്നാകെ അതോടെ കോരിത്തരിക്കും. ആ രോമാഞ്ചം അകറ്റാൻ പിന്നെ നല്ല ചൂടുവെള്ളത്തിൽ കുളിക്കുകയും ആവി പറക്കുന്ന കട്ടൻ ചായ കുടിക്കുകയും വേണം. ഒപ്പം പരിപ്പുവട കൂടി ആവശ്യപ്പെടരുത്. അങ്ങനെയെങ്കിൽ പഴയ 'ഇസ'ത്തിന്റെ തരികൾ ആമാശത്തിലെവിടയോ ഒട്ടിപ്പിച്ചു കിടക്കുന്നുണ്ടെന്ന് ഒരു ദുർവ്യാഖ്യാനം ഉണ്ടായേക്കാം. സൂക്ഷിക്കണം, ബി.ജെ.പിയുടെ കാലം നല്ലതും, നമുക്കു ദുർദ്ദശയുമാണ്. പുതിയ 11 ലക്ഷം കൂടി എത്തിയതോടെ 26 ലക്ഷമാണ് പാർട്ടിയുടെ ജനസംഖ്യ. ഇനി ഇവർ ആർക്ക് വോട്ടു ചെയ്യുമെന്ന കാര്യം വരുന്നതോടെ പാർട്ടിയുടെ 'വിലപേശൽ ശക്തി' കുത്തനെ ഉയരും. ഫണ്ട് കോടികളായി വളരും. എമ്മെല്ലേ ഒന്നിൽ തന്നെ ഒതുങ്ങുന്നതോ, എം.പി സ്ഥാനം പൂജ്യമാകുന്നതോ പ്രശ്‌നമാകില്ല. നേതാക്കളെല്ലാം പൂജ്യപാദർ ആയതിനാൽ കമാന്നു മറുത്തൊരക്ഷരം ആരും മിണ്ടില്ല.

 

****                         ****             **** 

മര്യാദയ്ക്കാണെങ്കിൽ സർക്കാരിന്റെ ഭക്ഷണം കഴിക്കാതിരിക്കാം എന്ന മുഖ്യമന്ത്രിയുടെ വാചകം ഒരു സൂക്തം പോലെ മനഃപാഠമാക്കാൻ ഓരോ രാജ്യസ്‌നേഹിയും സംസ്ഥാന സ്‌നേഹിയും ശ്രദ്ധിക്കണം. 'ആയിരം നാവുള്ള അനന്തൻ' എന്ന നാടകപ്പേര് പോലെ അർഥതലങ്ങൾ കൊണ്ട് ആ വാചകം നിറഞ്ഞിരിക്കുന്നു. പാവം ഗതകാല പൊതുമരാമത്തു മന്ത്രി ഇബ്രാഹിംകുഞ്ഞിനു കാര്യം പിടികിട്ടിയോ എന്നറിയില്ല. ഏതായാലും സാധുക്കൾക്ക് മനസ്സിലാകുന്നതിനായി അദ്ദേഹം ചെറിയൊരു വ്യാഖ്യാനവും നൽകി- താൻ ആ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷേ അത് മോഷണത്തിനും കൊള്ളയ്ക്കും അഴിമതിക്കുമൊന്നുമല്ല, ബഹുജന സമരത്തിൽ പങ്കെടുത്തതിനാണ്. ഇത്രയും കാവ്യഭംഗിയും വളച്ചുകെട്ടുമില്ലാതെയും കാര്യം പറയാം- മര്യാദയ്ക്കാണെങ്കിൽ ജയിലിൽ കിടക്കാതെ കഴിയാം എന്നു മതി. പക്ഷേ, രംഗം പാലാ ഉപതെരഞ്ഞെടുപ്പുമാണ്. അർഥവും അലങ്കാരവും മറ്റു ചില്ലറ ചമൽക്കാര ഭംഗിയുമൊക്കെ ഏതു കാര്യത്തിനും വേണം. മന്ത്രിയാണെന്നു കരുതി, 'മൂത്രമൊഴിക്കാൻ പോണം' എന്നു ശങ്കയില്ലാതെ പറയാമോ? ആംഗലം ചേർത്ത് 'ബാത്‌റൂമിൽ ഒന്നു പോകണം എന്നല്ലേ ഉരിയാടാവൂ? അതുപോലെ പാലായിലെ വലിയ 'പൂഴിക്കടകൻ' അഭ്യാസികളുടെ മുന്നിൽ നിൽക്കുമ്പോൾ ലേശം വളച്ചുകെട്ടൊക്കെ ആകാം.

****                     ****              ****

പി.ചിദംബരം എന്ന മാന്യന്റെ പ്രസ്താവനകളും വിചാരണയുമൊക്കെ അടച്ചിട്ട മുറിയിൽ ആകുന്നതാണ് നന്ന്. 'തലയിണയും കസേരയും എടുത്തു മാറ്റി'യെന്നും കിടക്കാൻ കട്ടിൽ ഇല്ലെന്നുമൊക്കെ അദ്ദേഹം പറയും. അവയൊക്കെ പ്രസിദ്ധീകരിച്ചു വരുന്നതോടെ പല മുൻ മന്ത്രിമാരും എമ്മെല്ലേമാരും കോൺഗ്രസ് വിടും. ഡി.കെ. ശിവകുമാർ എന്ന കന്നഡ ശിങ്കത്തിനെയും ചിദംബരം കിടക്കുന്ന തിഹാർ ജയിലേക്കാണ് അയക്കുന്നതത്രേ! മഹാബലിയുടെ കൂടെ പാതാളത്തിലയച്ചിരുന്നെങ്കിൽ എത്ര ഭേദമായിരുന്നു! പണ്ട് രാജൻ പിള്ളയെന്ന ബ്രിട്ടാനിയ ബിസ്‌ക്കറ്റ് കമ്പനിയുടമയെ പരലോകത്തയച്ച റിക്കാർഡുണ്ട് ആ ജയിലിന്. ഹിറ്റ്‌ലറും മുസ്സോളിനിയും എന്നുവേണ്ട, വെള്ളക്കാരുടെ ആൻഡമാൻ ജയിലുകൾ വരെ നോക്കിയും പഠിച്ചും പകർത്തിയതാണ് നമ്മുടെ തിഹാർ എന്നാർക്കാണറിയാത്തത്? അതിന്റെ കടുപ്പം മനസ്സിലാകണമെങ്കിൽ അവിടെ കിടന്ന് അന്തരിച്ചവരുടെ ആത്മാക്കൾ തന്നെ വന്നു വിശദീകരിക്കണം. ആത്മാവിനു ശരീരമില്ലാത്തതിനാൽ കാര്യം നടപ്പില്ല. ഇന്നത്തെ കാലാവസ്ഥ നോക്കിയാൽ ഏറെ താമസിയാതെ മേൽവിലാസമുള്ള കോൺഗ്രസ് നേതാക്കളെല്ലാം അകത്താകും. ചിലർ 'ലീവെടുത്തു പാർട്ടിക്കു പുറത്തു 'മൗനി ബാബ'കളായി കഴിയുന്നുണ്ടെന്നും അറിയുന്നു. പരമ്പരാഗതമായി സീറ്റു നേടിയ പലരും, തലമുറകളോടൊപ്പം അഴിയെണ്ണി കിടക്കുന്ന രംഗം ആലോചനാമൃതമാണ്. അവർക്ക് ജയിലിൽ കോൺഗ്രസിന്റെ ഒരു ശാഖ തുടങ്ങാൻ കഴിയും. ഏറെ താമസിയാതെ അതിനുള്ളിൽ ഗ്രൂപ്പുകളും വളരും. അങ്ങനെ ജയിൽ ജീവിതം ഉല്ലാസപ്രദമാക്കുവാനുള്ള ഭാഗ്യം ആ പാർട്ടിയുടെ നേതാക്കൾക്കു സിദ്ധിക്കും. അതുതന്നെയാണല്ലോ, സ്വാതന്ത്ര്യ സമരകാലത്തും നടന്നത്! ആ ജീവിതം നീളുന്തോറും, രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങുവാനുള്ള അവസരവും കോൺഗ്രസിനു തന്നെ വന്നു ചേരും. ഇടതു പാർട്ടികൾക്ക് ഗസ്റ്റ് റോൾ പോലും ലഭിക്കാനിടയില്ല.

****              ****               ****

പോലീസ് സ്റ്റേഷനുകളിൽ കാർട്ടൂൺ പ്രദർശിപ്പിക്കാൻ തീരുമാനമായി. നവംബർ ഒന്നുമുതൽ ലോക്കപ്പുപുള്ളികളെ ചിരിപ്പിക്കാനാണ് പദ്ധതി. നന്നായി 'ഇടിമുറി'കളിൽ നിന്ന് ഇനി ചിരി ഉയരുമ്പോൾ പ്രതികൾക്ക് 'വട്ട്' ഇളകിയോ എന്ന് സമീപവാസികൾക്കു തോന്നാം. ഭ്രാന്താശുപത്രിയുടെ അയലത്താണോ താമസിക്കുന്നതെന്നു സംശയവും ജനിക്കാം. സാരമില്ല, എല്ലാം ക്രമേണ ശരിയാകും. ശരിയാക്കാനാണല്ലോ ഇടതുമുന്നണി അധികാരത്തിൽ കയറി നിമിഷം തന്നെ പ്രതിജ്ഞയെടുത്തത്. ഇനി പ്രതിയെ മാനസാന്തരപ്പെടുത്താനും ഒരു ശ്രമമൊക്കെയാകാം. സി.ബി.ഐയുടെ ദില്ലി ഓഫീസ് ചുമരുകളിൽനിന്നാണ് ഈ ആശയം പകർത്തിയതത്രേ! അല്ലെങ്കിലും 'കോപ്പിയടി'ക്ക് നമ്മൾ മിടുക്കരാണ്. എസ്.എഫ്.ഐക്കാർ അതു പി.എസ്.സി പരീക്ഷയിൽ പോലും തെളിയിച്ചതുമാണ്. ഇൻസ്‌പെക്ടറേമാനും സാദാ പോലീസുകാരും പ്രതികളുമെല്ലാം ചേർന്ന് മുപ്പത്തിരണ്ടു പല്ലുകളും കാട്ടി ചിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോകൾ വൈറലാകുന്ന കാലം ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. ജോലിഭാരവും സ്ഥലംമാറ്റ ശല്യവും നിമിത്തം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റ് മുന്നിൽ നാലു കാർട്ടൂണുകൾ വീതം ഇട്ടുകൊടുക്കും. അതോടെ നൈരാശ്യം പമ്പ കടക്കും. ഈയിടെയായി വനിതാ പോലീസുകാരിൽ ലേശം അച്ചടക്കമില്ലായ്മ കണ്ടുവരുന്നുണ്ട്. അവർക്ക് ബോംബേ സിനിമകൾ കാണുന്നതിനു പകരം കാർട്ടൂണുകൾ കാണുന്നതോടെ മനംമാറ്റമുണ്ടാകും. മെരുക്കാൻ കഴിയാത്ത വനിതകളെ മറ്റൊന്നും ചെയ്യാൻ തൽക്കാലം ആലോചനയില്ല. പീഡനത്തിന് ഒത്തിരി വകുപ്പുകളുണ്ട്!


 

Latest News