Sorry, you need to enable JavaScript to visit this website.

താടിയും തടിയും  

മാറിയ സാഹചര്യത്തിൽ പണി കിട്ടുക എളുപ്പമല്ല. തെളിവായി ഉസ്മാന്റെ മുറിയിൽ ഒരാളുണ്ട്. കമ്പനിക്കാരുടെ ഇഷ്ടക്കാരനായിരുന്നുവെങ്കിലും പിരിച്ചു വിടുമ്പോൾ ഒട്ടും ദയ ഉണ്ടായില്ല. അധികം താമസിയാതെ കമ്പനി മരണമടയുകയും ചെയ്തു. 
നാട്ടിലേക്ക് മടങ്ങരുതെന്നും പരമാവധി പിടിച്ചു നിൽക്കണമെന്നുമുള്ള ഉപദേശമാണ് അയാളേയും നയിക്കുന്നത്. ഒരു വ്യത്യാസമുണ്ട്. ആളുകൾ നൽകുന്ന വെറും ഉപദേശം മാത്രമല്ല. പുതിയ സാഹചര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുള്ള കഴിവാണ് വിട്ടുകൊടുക്കാതിരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. നാട്ടിലെ സാഹചര്യങ്ങൾ പ്രതീക്ഷ നൽകുന്നതല്ലെന്നും, പല വാതിലുകൾ മുട്ടിയാൽ ഒരു വാതിൽ തുറക്കുമെന്നുമുള്ള ശുഭപ്രതീക്ഷ നയിക്കുന്നയാൾ.
മുട്ടാത്ത വാതിലുകളില്ല. സി.വി അയക്കാത്ത ഇ-മെയിലുകളില്ല. ജോലി ഒഴിവുണ്ടെങ്കിലും ശമ്പളവും ആനുകൂല്യങ്ങളും കുറച്ച് ഒരാളെ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് ഇപ്പോൾ കമ്പനികളെ നയിക്കുന്നത്. 
ശമ്പളത്തിന്റേയും ആനുകൂല്യങ്ങളുടേയും കാര്യത്തിൽ വിലപേശുന്നത് കമ്പനികളോടാണ്. എവിടേയും വിജയിക്കുന്നത് കമ്പനികൾ തന്നെ. എന്തുവന്നാലും സ്ഥാപനങ്ങൾ വിദേശികളുടെ പ്രാവീണ്യം കണക്കിലെടുക്കുമെന്ന് ചിന്തിക്കാവുന്ന പഴയ കാലമല്ല. വിദേശിയെ നിയമിക്കുമ്പോൾ സർക്കാരിൽ അടയ്‌ക്കേണ്ട തുക കണക്കു കൂട്ടി പ്രൊഡ്ക്ടിവിറ്റി അൽപം കുറഞ്ഞാലും സ്വദേശികളെ നിയമിക്കാമെന്ന നില സ്വീകരിക്കുകയാണ് പേരുകേട്ട പല സ്ഥാപനങ്ങളും. മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അർപ്പണ ബോധവുമുള്ള സ്വദേശികൾ ഇപ്പോൾ ധാരാളമുണ്ടുതാനും. 
സിഗരറ്റ് വലിക്കാൻ പോകും, ച്യുയിംഗം ചവയ്ക്കും, ഫോണിൽ സൊള്ളും എന്നൊക്കെയാണ് പലരും പറയാറുള്ളതെങ്കിലും അതൊക്കെ ആപേക്ഷികമാണ്. പണിക്ക് കയറിയാൽ ഇതൊന്നും ചെയ്യാത്ത മൽബുകളും ഇല്ല എന്നതും മറ്റൊരു വസ്തുത.


ദീർഘകാലത്തെ തൊഴിൽ പരിചയമുണ്ടായിട്ടും പലർക്കും പുതിയ തൊഴിൽ ലഭിക്കുന്നില്ല എന്നത് മൽബുവിനെ അൽപം ഭയപ്പെടുത്തുന്നുണ്ട്. രണ്ടാം വരവ് വേണ്ടായിരുന്നു എന്നു തോന്നിത്തുടങ്ങിയിട്ടില്ല എന്നു മാത്രം. ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമാണ് എപ്പോഴും മൽബുവിന്റെ കൈമുതൽ. അല്ലെങ്കിൽ രണ്ടാം വരവെന്ന സാഹസത്തിനു മുതിരില്ലല്ലോ.
പ്രായം ഒരു തടസ്സം തന്നെയാണ് അല്ലേ: മൽബു ചോദിച്ചു. 
അതെ, പ്രായം കൂടാൻ പാടില്ല, എക്‌സ്പീരിയൻസ് വേണം താനും. എക്‌സ്പീരിയൻസുള്ളവർ കൂടുതൽ ശമ്പളം ചോദിക്കും. പ്രായം കൂടാതെ എങ്ങനെ എക്‌സ്പീരിയൻസ് കൂടുമെന്ന കാര്യം ആരും ആലോചിക്കുന്നില്ല. മൽബുവിന്റെ മനസ്സിൽ ഭീതി ഇരട്ടിപ്പിച്ചു കൊണ്ടാണ് അയാളുടെ മറുപടി. ഫൈനൽ എക്‌സിറ്റിൽ മടങ്ങുന്നതിനു മുമ്പ് മൽബുവിന് നല്ല താടി ഉണ്ടായിരുന്നു അല്ലേ. ഇപ്പോൾ ഷെയ്‌വ് ചെയ്തതു നന്നായി -അയാൾ പറഞ്ഞു.
താടിയും തടിയും കുറച്ചാണ് മൽബു നാട്ടിൽനിന്ന് മടങ്ങിയത്. ചിലർക്ക് മൽബുവിനെ തിരിച്ചറിയാൻ പറ്റിയിരുന്നില്ല. പ്രായം കൂടിയ തടിമാടന്മാരേക്കാൾ കമ്പനികൾ ഇഷ്ടപ്പെടുക എന്തുകൊണ്ടും ചുറുചുറുക്കുള്ള പയ്യന്മാരെ ആയിരിക്കും. 
മൽബു ഓർക്കുകയായിരുന്നു. ഒരു കാലത്ത് എന്തുമാത്രം ആകർഷകമായിരുന്നു തന്റെ താടി. 
താടിക്കായി കൊതിച്ചിരുന്ന കാലമായിരുന്നു അത്. വെറും കൊതി എന്നു മാത്രം പറയാനാവില്ല. കാര്യകാരണ ബന്ധമുള്ള കൊതി ആയിരുന്നു അത്.
ഗൾഫിലെത്തി ആദ്യം ജോലി ലഭിച്ചത് ഒരു സ്വദേശിയുടെ ഓഫീസിലായിരുന്നു. സെക്രട്ടറി എന്ന പേരിലായിരുന്നു നിയമനം. അതോടൊപ്പം ഓഫീസ് ക്ലീൻ ചെയ്യണമായിരുന്നു. താൻ കൂടി ജോലി ചെയ്യുന്ന ഓഫീസായിരുന്നതിനാൽ അതിൽ അതൃപ്തി തോന്നിയിരുന്നില്ല. മേശയും ഷെൽഫുമൊക്കെ എല്ലാദിവസവും ക്ലീൻ ചെയ്തപ്പോൾ തിളക്കം കൂടിവന്നു. 
പക്ഷേ, ഒരു ദിവസം എന്തുകൊണ്ട് ടോയ്‌ലെറ്റ് ക്ലീൻ ചെയ്തില്ലെന്ന ബോസിന്റെ ചോദ്യം ശരിക്കും സങ്കടപ്പെടുത്തിക്കളഞ്ഞു. ഒരു ബിരുദധാരി നാടുവിട്ടതുകൊണ്ടു മാത്രം ടോയ്‌ലെറ്റ് ക്ലീൻ ചെയ്യേണ്ടവനല്ല. 
പയ്യനായതു കൊണ്ടായിരിക്കും തന്നോട് ബോസ് ഇങ്ങനെ പറഞ്ഞതെന്ന് കരച്ചിലിനിടയിൽ മൽബു സ്വയം ഉത്തരം കണ്ടെത്തി. കാണാൻ കുറച്ച് ബർക്കത്തുണ്ടായിരുന്നെങ്കിൽ ഒരിക്കലും ടോയ്‌ലെറ്റ് ക്ലീൻ ചെയ്യാൻ പറയുമായിരുന്നില്ല. 
താടി വളർന്നു തുടങ്ങിയതോടെ, കോൺഫിഡൻസും ഉയർന്നു തുടങ്ങി. ഇപ്പോഴത്തെ ന്യൂജെൻ പയ്യൻസ് ഉപയോഗിക്കുന്നതു പോലെ താടി വളരാനും നിവർത്താനും ഓയിലുകളൊന്നും പ്രയോഗിക്കാതെ തന്നെ നല്ല ബർക്കത്തുള്ള താടി നീണ്ടു വന്നു. പ്രതീക്ഷ തെറ്റിയില്ല. ബോസ് അതിൽ വീഴുകയും ജോലിയിൽ ബർക്കത്തുണ്ടാവുകയും ചെയ്തു. ഓഫീസ് ക്ലീനറായി ബോസ് കൊണ്ടുവന്ന ബംഗാളിക്ക് വലിയ താടി ഉണ്ടായിരുന്നുവെന്നത് മറ്റൊരു സത്യം.  

Latest News