കൊച്ചി- മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരടിലെ ഫ്‌ളാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് അറിവില്ലേ എന്ന് ചോദിച്ച ഹൈക്കോടതി ഹരജിക്കാരോട് ഉടൻ സുപ്രീംകോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു.