മലപ്പുറം- മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന വാർത്ത അസംബന്ധമാണെന്ന് മുസ്ലിം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാർട്ടിയിൽ ഒരു തർക്കമില്ലെന്നും ജനാധിപത്യപരമായ രീതിയിൽ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അവിടെ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മണ്ഡലത്തിന് പുറത്തുള്ള ഒരാളെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മഞ്ചേശ്വരത്ത്‌നിന്നുള്ള ലീഗ് പ്രവർത്തകർ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയെന്ന് വാർത്തകളുണ്ടായിരുന്നു. തുടർന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി എത്തിയത്. പാണക്കാട് നടന്ന ലീഗ് യോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരെ കണ്ടത്. ഇല്ലാത്ത വാർത്ത നൽകി മാധ്യമപ്രവർത്തകർ വിശ്വാസ്യത കളയരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ പലനിലയ്ക്കുള്ള ചർച്ചകളുമുണ്ടാകുമെന്നും അവസാനം ഒരു തീരുമാനത്തിലെത്തി എല്ലാവരും അംഗീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിൽ ഒരു തർക്കവുമില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.