Sorry, you need to enable JavaScript to visit this website.

പാലായിൽ യു.ഡി.എഫിന് വിജയമെന്ന്  എക്‌സിറ്റ് പോൾ

കോട്ടയം- പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. 48 ശതമാനം വോട്ടുകൾ നേടി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസർച്ച് പാർട്‌ണേഴ്‌സും ചേർന്ന് നടത്തിയ എക്‌സിറ്റ് പോളിന്റെ പ്രവചനം. 16 ശതമാനം വോട്ടുകൾക്ക് മാണി സി.കാപ്പനെ പിന്നിലാക്കിയാണ് ജോസ് ടോം വിജയിക്കുക. എൽ.ഡി.എഫിന് 32 ശതമാനം വോട്ടുകൾ നേടാനേ സാധിക്കൂവെന്നും ബി.ജെ.പി 19 ശതമാനവും മറ്റുള്ളവർ ഒരു ശതമാനവും വോട്ടുകൾ നേടുമെന്നും എക്‌സിറ്റ് പോൾ പറയുന്നു. അതേസമയം, എൻ.ഡി.എയുടെ വോട്ടു വിഹിതത്തിൽ ഒരു ശതമാനം വർധനയുണ്ടാകും.
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 71.43 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ആകെയുള്ള 1,79,107 വോട്ടർമാരിൽ 1,27,939 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 65,203 പേർ പുരുഷൻമാരും 62,736 പേർ സ്ത്രീകളുമാണ്. പുരുഷൻമാരിൽ 74.32 ശതമാനം പേരും സ്ത്രീകളിൽ 68.65 ശതമാനം പേരും വോട്ട് ചെയ്തു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.25 ശതമാനവും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്. രാവിലെ എട്ടിന് 8.71 ശതമാനമായിരുന്ന പോളിംഗ് ഒൻപതിന് 15.57 ശതമാനവും പത്തിന് 22.95 ശതമാനവും 11ന് 30.93 ശതമാനവും 12ന് 39.12 ശതമാനവുമായി. രാവിലെ പോളിംഗിൽ ദൃശ്യമായ ആവേശം ഉച്ച കഴിഞ്ഞതോടെ നേരിയ തോതിൽ തണുത്തു. ഉച്ചയ്ക്ക് ഇടിമിന്നലോടെ പെയ്ത മഴയാണ് ഉച്ചക്ക് ശേഷം പോളിംഗ് മന്ദഗതിയിലാകാൻ കാരണമായത്. എന്നാൽ വൈകുന്നേരം ആകാശം തെളിഞ്ഞതോടെ പോളിംഗ് വീണ്ടും ശക്തമാവുകയായിരുന്നു.  
വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങൾ കലക്ഷൻ സെന്ററായ പാലാ കാർമൽ പബ്ലിക് സ്‌കൂളിൽ എത്തിച്ചു. കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി സ്‌കൂളിലെ 121-ാം നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥരാണ് ആദ്യം മടങ്ങിയെത്തിയത്. എല്ലാ ബൂത്തുകളിലും 50 വോട്ടുകൾ ചെയ്ത് യന്ത്രങ്ങൾ ഉപയോഗസജ്ജമെന്ന് ഉറപ്പാക്കി, മോക് പോൾ ഫലം മായ്ച്ചതിനു ശേഷമാണ് രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചത്. മോക് പോൾ നടത്തുമ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആറു ബൂത്തുകളിലെ വി.വി പാറ്റ് യന്ത്രങ്ങൾ പോളിംഗിനു മുമ്പ് മാറ്റി സ്ഥാപിച്ചു. 
അന്ത്യാളം സെന്റ് മാത്യൂസ് എൽ.പി സ്‌കൂൾ, വലവൂർ ഗവൺമെന്റ് യു.പി സ്‌കൂൾ, പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, കിഴപ്രയാർ സൺഡേ സ്‌കൂൾ ഹാൾ, പറപ്പള്ളി ഗവൺമെന്റ് എൽ.പി സ്‌കൂൾ, പനമറ്റം ഗവൺമെന്റ് എച്ച്.എസ്.എസ് എന്നീ ബൂത്തുകളിലെ വി.വി പാറ്റ് യന്ത്രങ്ങളാണ് മാറ്റിയത്. പോളിംഗിനിടെ ബാലറ്റ് യൂനിറ്റിന് സാങ്കേതിക തകരാറുണ്ടായ പുലിയന്നൂർ കലാനിലയം എൽ.പി സ്‌കൂളിലെയും കൺട്രോൾ യൂനിറ്റ് പ്രവർത്തന ക്ഷമമല്ലാതായ പൈങ്കുളം ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെയും വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു. പൂവരണി ഗവൺമെന്റ് യു.പി സ്‌കൂളിലെ വി.വി പാറ്റ് യന്ത്രവും വോട്ടിംഗിനിടെ മാറ്റി. ഭിന്നശേഷിക്കാർക്കായി തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തി 376 പേർ വോട്ട് ചെയ്തു. നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ് ഇവരെ ബൂത്തിലെത്തിക്കാൻ നേതൃത്വം നൽകിയത്. പ്രശ്ന ബാധിത പട്ടികയിൽപെട്ട ബൂത്തുകളിൽ  വീഡിയോ റെക്കോർഡിംഗ് ഏർപ്പെടുത്തിയിരുന്നു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ പോൾ മാനേജർ ആപ്ലിക്കേഷൻ വഴിയാണ് പോളിംഗ് വിവരങ്ങൾ ക്രോഡീകരിച്ചത്. 27 നാണ് ഫലം പ്രഖ്യാപിക്കുക.
 

Latest News