അബുദാബി- ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇ. ബുര്‍ജ് ഖലീഫ, ശൈഖ് സായിദ് പാലം, അബുദാബി എയര്‍പോര്‍ട്ട്, നഗരസഭ തുടങ്ങി യു.എ.ഇയിലെ പ്രധാന കെട്ടിടങ്ങളെല്ലാം സൗദി ദേശീയപതാകയുടെ ഹരിത വര്‍ണത്തിലേക്കു മാറി.
പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോളും സൗദിയോടൊപ്പം ഉറച്ചുനില്‍ക്കുന്ന യു.എ.ഇയുടെ ഈ സൗഹാര്‍ദ പ്രകടനം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന മികച്ച ബന്ധത്തിന്റെ പ്രതിഫലനം കൂടിയായി.
ദുബായ്, അബുദാബി, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരെ സൗദിയുടെയുടെയും യു.എ.ഇയുടെയും ദേശീയ പതാകയുടെ നിറത്തിലുള്ള ഷാള്‍ അണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു എമിറേറ്റ് ഭരണാധികാരികളും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ദേശീയ ദിനാശംസകള്‍ നേര്‍ന്നു.