ദുബായ്- കേരള സര്‍ക്കാരിന്റെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പത്തു മാസം പിന്നിട്ടു. ഏറ്റവും കൂടുതല്‍ പേര്‍ അംഗമായ യു.എ.ഇയിലെ പ്രവാസികള്‍ക്ക് നന്ദി പറയാനും കൂടുതല്‍ പേരെ ചേര്‍ക്കാനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യു.എ.ഇയിലെത്തുന്നു. ഈ മാസം 26ന് എത്തുന്ന മന്ത്രി 28 വരെ വിവിധ എമിറേറ്റുകളിലെ പരിപാടികളില്‍ പങ്കെടുക്കും.
ചിട്ടി സംബന്ധമായ സംശയങ്ങള്‍ നേരിട്ട് മന്ത്രിയോടും അദ്ദേഹത്തിനൊപ്പം എത്തുന്ന കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, എം.ഡി കെ.പുരുഷോത്തമന്‍ എന്നിവരോടും ചോദിക്കാന്‍ അവസരമുണ്ട്.
പത്തു മാസത്തിനകം 330 ലേറെ പ്രവാസി ചിട്ടികള്‍ ആരംഭിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. 1,18,000 ലേറെ പ്രവാസികള്‍ ചിട്ടിയില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 25,000 പേര്‍ കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യു.എ.ഇയില്‍ നിന്നാണ് ചിട്ടിക്ക് ഏറ്റവുമധികം പിന്തുണ ലഭിച്ചിട്ടുള്ളത്. പ്രവാസി സംഘടനകള്‍ക്ക് നാട്ടിലെ ഏതെങ്കിലും കിഫ്ബി പദ്ധതി ചിട്ടിയിലൂടെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.