ഇരിട്ടി- വിവാഹ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച് റോഡില്‍ ഉഗ്ര സ്‌ഫോടകശേഷിയുള്ള ബോംബുകളെറിഞ്ഞ് ഭീതി പരത്തിയ അഞ്ചംഗ സംഘം പിടിയില്‍. ശിവപുരം അങ്ങാടിയിലെ ആയിഷാസില്‍ കെ.സി.അബ്ദുല്‍ ലത്തീഫ് (26), കാവുംപടിയിലെ മുഹമ്മദ് അജീര്‍ (29), ഷബീനാ സില്‍ വി.പി.സഫ്‌വാന്‍ (24), പി.കെ.ഹൗസില്‍ എ.ടി.ഫസല്‍ (28), കണ്ണോത്ത് ഹൗസില്‍ ടി.ഫസല്‍ (28) എന്നിവരെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്.
ശിവപുരത്തെ സഫീര്‍ എന്ന യുവാവിന്റെ വിവാഹത്തിനെത്തിയതായിരുന്നു സംഘം. തില്ലങ്കേരി കാവുംപടിയിലെ വധുവിന്റെ വീട്ടിലേക്ക് വരനൊപ്പം പോയ സംഘത്തിലുണ്ടായിരുന്ന ഇവര്‍ വിവാഹ പാര്‍ട്ടിക്ക് മുമ്പേ കാറില്‍ സഞ്ചരിക്കുകയും റോഡില്‍ ബോംബുകളെറിഞ്ഞ് ഭീതി പരത്തുകയുമായിരുന്നു. ഏഴ് ബോംബുകളാണ് സംഘം ഓരോ പ്രധാന കവലകളിലും പൊട്ടിച്ചത്. വെടിമരുന്നുപയോഗിച്ച് പ്രത്യേകം തയാറാക്കിയ ഈ ബോംബുകള്‍ ഉഗ്രസ്‌ഫോടക ശേഷിയുള്ളതായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് ഓരോ പ്രദേശത്തേയും ജനങ്ങള്‍ പരിഭ്രാന്തിയിലായി. വരനൊപ്പമുണ്ടായിരുന്ന സംഘത്തിലെ ആളുകളും ഭീതിയിലായി.
സ്‌ഫോടന ശബ്ദം കേട്ട ജനങ്ങളില്‍ പലരും വിവരം മുഴക്കുന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ നമ്പര്‍ വഴി പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.