പയ്യന്നൂര്‍- മൂന്നംഗ വിവാഹ തട്ടിപ്പ് സംഘത്തെ അറസ്റ്റു ചെയ്തു. പയ്യന്നൂരിനടുത്ത് കോറോംകൂര്‍ക്കരയിലെ അഞ്ചില്ലത്ത് യൂനുസ് (35), പെരിങ്ങോം കാഞ്ഞിരപ്പൊയിലിലെ ചാപ്പിയാടന്‍ ലക്ഷ്മണന്‍ (54), പെരിങ്ങോത്തെ വാഴവളപ്പില്‍ കൃഷ്ണന്‍ എന്ന സുബൈര്‍ (56) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
തളിപ്പറമ്പിനടുത്ത് ചെറിയൂരില്‍ യുവതിയുമായി വിവാഹം ഉറപ്പിക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത സംഭവത്തിലാണ് വരന്‍ ഉള്‍പ്പെടെ പിടിയിലായത്. കഴിഞ്ഞ മാസം 12 നാണ് കരിവെള്ളൂരിലെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി 2000 പേര്‍ക്കുളള ഭക്ഷണവും വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നു. നിക്കാഹ് നേരത്തെ നടന്നിരുന്നു. എന്നാല്‍ വിവാഹ സല്‍ക്കാര ദിവസം രാവിലെ വരന്‍ മുങ്ങുകയായിരുന്നു. നിക്കാഹിന് മുന്നോടിയായി വരന്‍ യൂനസ്, വധുവിന്റെ വീട്ടുകാരില്‍നിന്നു 1,20,000 രൂപ കൈപറ്റിയിരുന്നു. ഇതുമായാണ് കടന്നുകളഞ്ഞത്. യുവതിയുടെ സഹോദരന്‍ ഹാരിസ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു.
പിടിയിലായ യുനുസ് മൂന്നു തവണ വിവാഹിതനായിട്ടുണ്ട്. ചെറിയൂരിലെ യുവതിയുമായി വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ തൃക്കരിപ്പൂരിലെ ഒരു യുവതിയുമായി വിവാഹ ആലോചനകള്‍ നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യൂനുസിന്റെ സഹായികളാണ് കൃഷ്ണന്‍ എന്ന സുബൈറും ലക്ഷ്മണനും. യൂനുസിന്റെ അമ്മാവനെന്ന വ്യാജേനയാണ് ലക്ഷ്മണന്‍ എത്തിയിരുന്നത്. ഇയാള്‍ മരവ്യാപാരിയാണ്. ഈ സംഘം പലയിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പിന്നീട് കോടതിയില്‍ ഹാജരാക്കും.