മദീന- മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ.അലി ബിൻ അബ്ദുറഹ്മാൻ അൽഹുദൈഫിയെ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഭദ്രമാണെന്ന് മസ്ജിദുന്നബവി കാര്യ വകുപ്പ് പബ്ലിക് റിലേഷൻസ് മേധാവി ജംആൻ അൽഅസീരി പറഞ്ഞു. 75 കാരനായ ശൈഖ് ഡോ.അലി അൽഹുദൈഫി മസ്ജിദുന്നബവിയിലെ ഏറ്റവും പഴയ ഇമാമാണ്.
നേരത്തെ ഏറെ കാലം ഖുബാ മസ്ജിദിൽ ഇമാമും ഖതീബുമായി സേവനമനുഷ്ഠിച്ചിരുന്നു. നാൽപത്തിയൊന്നു വർഷം മുമ്പ് ഹിജ്‌റ 1399 ലാണ് മസ്ജിദുന്നബവി ഇമാമും ഖതീബുമായി നിയമിതനായത്. ഹിജ്‌റ 1401 ൽ മക്കയിലെ വിശുദ്ധ ഹറമിൽ ഇമാമും ഖതീബുമായി നിയമിതനായി. ഒരു വർഷത്തോളം കാലം വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിച്ചു. തൊട്ടടുത്ത വർഷം 1402 ൽ മസ്ജിദുന്നബവിയിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു.