ജിദ്ദ - ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ തങ്ങൾക്ക് സേവനങ്ങൾ നൽകാൻ ഇഷ്ടമുള്ള ത്വവാഫ കമ്പനികൾ തെരഞ്ഞെടുക്കുന്നതിന് വിദേശ ഹജ് തീർഥാടകർക്ക് അവസരം വരുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മൂന്നു വർഷത്തിനു ശേഷം ഈ സൗകര്യം നിലവിൽ വരുമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിൽ ആസൂത്രണകാര്യ വിഭാഗം സൂപ്പർവൈസർ ജനറൽ ഡോ.അംറ് അൽമദ്ദാഹ് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന്റെ ചുമതലയുള്ള ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന കമ്പനികളാക്കി മാറ്റാൻ ഹജ്, ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്. വിമാന കമ്പനികൾക്ക് ഭക്ഷണ വിതരണം ചെയ്യുന്നതു പോലെ മറ്റു സേവനങ്ങൾ നൽകുന്ന മേഖലകളിൽ പ്രവർത്തിക്കുന്നതിനും ത്വവാഫ കമ്പനികളെ അനുവദിക്കും.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ-2030 പദ്ധതിക്ക് അനുസൃതമായി ഹജ് സേവന മേഖലയിൽ ശക്തമായ കമ്പനികൾ സ്ഥാപിക്കാനാണ് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളെ കമ്പനികളാക്കി മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വർഷം കഴിയുന്തോറും ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു വരികയാണ്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉയർത്തുന്നതിനാണ് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയുടെ സ്ഥാനത്തിനും തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനും അനുസൃതമായി സേവന, പ്രവർത്തന നിലവാരങ്ങൾ മെച്ചപ്പെടുത്തുന്നതിന് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾ പരിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളെ ജോയിന്റ് സ്റ്റോക്ക് കമ്പനികളാക്കി മാറ്റുന്നത്. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിന് സാധിക്കും വിധം സേവനങ്ങൾ നവീകരിക്കും.
നിലവിൽ ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ മുഴുവൻ മുത്വവ്വിഫുമാരെയും സംരക്ഷിച്ചു കൊണ്ടു തന്നെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ സ്ഥാപിക്കും. പ്രവർത്തനം വിപുലീകരിക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനും ഇതിലൂടെ ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മുന്നിൽ അവസരങ്ങൾ തുറന്നിടും.
നിലവിൽ ഏഴു ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളാണ് വിദേശ ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഹജ് സീസണിൽ മാത്രമാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനു പകരം വർഷം മുഴുവൻ പ്രവർത്തിക്കുന്നതിനുള്ള അവസരം ത്വവാഫ കമ്പനികൾക്കു മുന്നിൽ തുറന്നിടും. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കു കീഴിലെ നിക്ഷേപങ്ങളും സാമ്പത്തിക ശേഷികളും മരവിച്ചു കിടക്കുന്നതിനു പകരം ഇവ വർഷം മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യമുണ്ടാക്കും.
ഹജ് തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന മേഖലയിലുള്ള പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി വിമാനങ്ങൾക്കും സ്‌കൂളുകൾക്കും ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന കാറ്ററിംഗ് മേഖലയിലും സമാനമായ മറ്റു മേഖലകളിലും പ്രവർത്തിക്കുന്നതിന് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്ക് അവസരമുണ്ടാകും.
കമ്പനികളാക്കി മാറ്റുന്നതിലൂടെ സേവന നിലവാരങ്ങൾക്കനുസരിച്ച് പ്രത്യേക പാക്കേജുകൾ നിർണയിച്ച് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ത്വവാഫ കമ്പനികൾക്ക് സാധിക്കും. സേവന നിലവാരങ്ങൾക്കും നിരക്കുകൾക്കും അനുസരിച്ച് തങ്ങൾക്ക് ഇഷ്ടമുള്ള ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളെ തെരഞ്ഞെടുക്കുന്നതിന് തീർഥാടകർക്കും അവസരമൊരുങ്ങും. അന്യായമായി നിരക്ക് ഉയർത്തിയുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മൂന്നു വർഷത്തിനു ശേഷം ഈ സൗകര്യം നിലവിൽവരും.
നിലവിൽ ഓരോ രാജ്യക്കാർക്കും നിശ്ചയിച്ച ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളുടെ സേവനങ്ങൾ മാത്രം പ്രയോജനപ്പെടുത്തുന്നതിന് തീർഥാടകർ നിർബന്ധിതരാണ്. പുതിയ സേവനം വരുന്നതോടെ ഈ സാഹചര്യം ഇല്ലാതാകും. ഭൂമിശാസ്ത്രപരമായ അടിസ്ഥാനത്തിൽ വിദേശ ഹജ് തീർഥാടകരെ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കിടയിൽ വിതരണം ചെയ്യുന്ന നിലവിലെ രീതി ഏതാനും വർഷങ്ങൾക്കുള്ളിൽ പാടെ ഇല്ലാതാകും.
ഇതോടെ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനികൾക്കു മാത്രം നിലനിൽക്കാൻ കഴിയുന്ന സാഹചര്യം ഉടലെടുക്കും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തൽ, തീർഥാടകരുടെ സാംസ്‌കാരിക, സാങ്കേതിക അനുഭവം സമ്പന്നമാക്കൽ, കൂടുതൽ തീർഥാടകർക്ക് ആതിഥ്യം നൽകൽ എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങൾക്ക് വിഷൻ-2030 പദ്ധതിയുടെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം ഊന്നൽ നൽകുന്നതായും ഡോ.അംറ് അൽമദ്ദാഹ് പറഞ്ഞു.