റിയാദ് - നാൽപതു വർഷം മുമ്പ് ഖുമൈനി വിപ്ലവം അരങ്ങേറിയതു മുതൽ സൗദി അറേബ്യയോട് ഇറാൻ പോരടിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സൗദി അറേബ്യയുടെ എംബസികൾക്കെതിരെ ആക്രമണങ്ങൾ നടത്തിയും നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചും 1996 ൽ അൽകോബാറിലെ റെസിഡൻഷ്യൽ കോംപ്ലക്‌സ് സ്‌ഫോടനത്തിലൂടെ തകർത്തതു പോലെ സ്ഥാപനങ്ങൾ തകർത്തും എൺപതുകളുടെ അവസാനത്തിൽ ചെയ്തതു പോലെ ഹജിനിടെ സംഘർഷങ്ങളുണ്ടാക്കിയും ഇറാൻ സൗദി അറേബ്യക്കെതിരെ യുദ്ധം ചെയ്യുകയാണ്.
സൗദിയിലും കുവൈത്തിലും ബഹ്‌റൈനിലും മറ്റു രാജ്യങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭീകര സംഘങ്ങളെ ഇറാൻ വളർത്തുന്നു. സാധാരണക്കാർക്കെതിരെ ആക്രമണങ്ങൾ നടത്താൻ ഹൂത്തി മിലീഷ്യകൾക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നൽകിയും ഇറാൻ സൗദി അറേബ്യയോട് യുദ്ധം ചെയ്യുകയാണ്.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ശത്രുതയോടെയാണ് ഇറാൻ പെരുമാറുന്നത്. സമാനതയില്ലാത്ത ആക്രമണങ്ങളാണ് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായത്. ഈ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം നിറവേറ്റണം.
ഇറാനോട് കർക്കശ നിലപാട് സ്വീകരിക്കാതിരിക്കുന്നത് കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നടത്തുന്നതിന് അവർക്ക് പ്രോത്സാഹനമായി മാറും. ആക്രമണങ്ങൾക്ക് അനുയോജ്യമായ സമയത്ത് തിരിച്ചടി നൽകുന്നതിന് സൗദി അറേബ്യയുടെ പക്കൽ മാർഗങ്ങളുണ്ട്.
ഇറാൻ പ്രശ്‌നത്തിൽ പതിവ് പ്രസ്താവനകൾ മാത്രമാണ് അമേരിക്ക നടത്തുന്നതെന്ന വാദം ശരിയല്ല. ഇറാനെതിരായ അമേരിക്കയുടെ നിലപാട് ശക്തമാണ്. കടുത്ത ഉപരോധങ്ങളാണ് ഇറാനെതിരെ ട്രംപ് ഭരണകൂടം ബാധകമാക്കിയിരിക്കുന്നത്. ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലേക്കും ആഭ്യന്തര തലത്തിൽ ഗവൺമെന്റിനു മേൽ സമ്മർദം ശക്തമാകുന്നതിലേക്കും ഇത് നയിച്ചു.
അറേബ്യൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും കൂടുതൽ സൈനികരെ അയച്ചത് ശക്തമായ ചുവടുവെപ്പാണ്. ഗൾഫിലും അറബിക്കടലിലും സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ ഏകോപനമുണ്ട്.
അയൽ രാജ്യമായ യെമന് നന്മ മാത്രമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. യെമൻ സംഘർഷം ആരംഭിച്ചതു മുതൽ ഇതുവരെ യെമനിൽ 1400 കോടിയിലേറെ ഡോളറിന്റെ ജീവകാരുണ്യ സഹായങ്ങൾ സൗദി അറേബ്യ നൽകിയിട്ടുണ്ട്. സ്റ്റോക്ക്‌ഹോം കരാർ നടപ്പാക്കുന്നതിനും യെമൻ സംഘർഷത്തിന് സമഗ്ര പരിഹാരമുണ്ടാക്കുന്നതിനും യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് നടത്തുന്ന ശ്രമങ്ങളിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
അമേരിക്കയോ സൗദി അറേബ്യയോ ഇറാനെ ആക്രമിച്ചാൽ മേഖലയിൽ പൂർണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഇറാൻ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ പ്രസ്താവന, നീചവും പരിഹാസ്യവും ആശ്ചര്യകരവുമാണ്.
സൗദി അറേബ്യയും അമേരിക്കയും 80 വർഷമായി സഖ്യരാജ്യങ്ങളാണ്. സൗദി അറേബ്യയും അമേരിക്കയും നിരവധി യുദ്ധങ്ങൾ ഒരുമിച്ച് നടത്തുകയും രക്തം ചിന്തുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയും അമേരിക്കയും യുദ്ധക്കൊതിയന്മാരല്ല. ശത്രുതാപരമായ പ്രവർത്തനങ്ങളിൽ മുഴുകി ഇറാനികളാണ് യുദ്ധവെറി പ്രകടിപ്പിക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.