തിരുവനന്തപുരം- വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര കഞ്ചാംപിഴിഞ്ഞി ഏലം തോട്ടത്തില്‍ വീട്ടില്‍ അജീഷ്(24) ആണ് പൊലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയമുണ്ടാക്കിയ അജീഷ് വിവാഹ വാഗ്ദാനം നല്‍കി വശത്താക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയോട് വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്‍കിയ യുവാവ് ബൈക്കില്‍ കയറ്റി തമ്പാനൂരുള്ള ലോഡ്ജില്‍ എത്തിച്ചു. ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിന്നീട് അവിടെ നിന്ന് മുങ്ങി. ഇതോടെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത നെയ്യാറ്റിന്‍കര സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.