കൊച്ചി- പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി. പാലം നിര്‍മിച്ച കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അഴിമതിയുടെ മുഖ്യസൂത്രധാരന്‍ ഗോയലാണ്. അഴമതിയില്‍ പങ്കുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ തയാറായിട്ടില്ല. അതു കൊണ്ട് ഇപ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിനും തെളിവു ശേഖരണത്തിനും തടസ്സമാകുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സുമിത് ഗോയലില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുവിവരവും നല്‍കിയ കൈക്കൂലി തുകയുമടക്കമുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും വിജിലന്‍സ് റിപോര്‍ട്ടിലുണ്ട്.
പാലാരിവട്ടം പാലം കരാര്‍ ഏറ്റെടുക്കുമ്പോള്‍ സുമിതിന്റെ നേതൃത്വത്തിലുള്ള കമ്പനി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പാലം നിര്‍മാണത്തിന് അനുവദിച്ച് മൊബിലൈസേഷന്‍ ഫണ്ട് ആര്‍ഡിഎസ് പ്രൊജക്ട്‌സ് വകമാറ്റി ചെലവഴിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. മുന്‍കൂറായി സര്‍ക്കാര്‍ നല്‍കിയ ഈ തുക കമ്പനിയുടെ കടം തീര്‍ക്കാനാണ് ഉപേയാഗിച്ചത്. പാലത്തിനു വേണ്ടി വിനിയോഗിച്ചതുമില്ല.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ സൂചനകളാണ് വിജിലന്‍സ് റിപോര്‍ട്ടിലുള്ളത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. ശേഷം അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തേക്കും.