Sorry, you need to enable JavaScript to visit this website.

സൗദിയുടെ കുതിപ്പ്‌

ദേശാഭിമാനവും രാജ്യസ്‌നേഹവും സ്വത്വബോധവും വാനോളമുയർത്തി സൗദി അറേബ്യ ഇന്ന് എൺപത്തിയൊമ്പതാമത് ദേശീയദിനാഘോഷത്തിന്റെ നിറവിൽ. 89 വർഷം മുമ്പ് ഇതുപോലൊരു ദിവസമാണ് അബ്ദുൽഅസീസ് രാജാവ് കിംഗ്ഡം ഓഫ് സൗദി അറേബ്യയെന്ന പേരിൽ ഐക്യ സൗദി അറേബ്യയുടെ തിരുപ്പിറവി പ്രഖ്യാപിച്ചത്. പത്ത് വർഷത്തോളം കുവൈത്തിൽ മറ്റ് കുടുംബാംഗങ്ങളോടൊപ്പം കഴിച്ചുകൂട്ടിയശേഷം 1902-ലാണ് അബ്ദുൽഅസീസ് രാജാവ് റിയാദ് തിരിച്ചുപിടിച്ചത്. 1932 സെപ്റ്റംബർ 23-നായിരുന്നു സൗദി അറേബ്യ എന്ന പേരിനു കീഴിൽ രാജ്യത്തെ ഒന്നാകെ ഒരുമിപ്പിക്കുന്ന ഉത്തരവ് അബ്ദുൽഅസീസ് രാജാവ് പുറപ്പെടുവിച്ചത്. 
ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടാകുന്ന വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ വികസന പ്രയാണത്തെ ബാധിക്കാതെ നോക്കുന്നതിനും എണ്ണ വരുമാനം ആശ്രയിക്കുന്നത് പരമാവധി കുറക്കാൻ ലക്ഷ്യമിട്ടും ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത വിഷൻ 2030 പദ്ധതി സാമ്പത്തിക, സാമൂഹിക തലങ്ങളിൽ വൻ മാറ്റങ്ങളുടെ കുത്തൊഴുക്കാണുണ്ടാക്കിയത്. വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആഭ്യന്തര നിക്ഷേപകർക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനും നിരവധി പരിഷ്‌കരണങ്ങൾ സമീപ കാലത്ത് പ്രഖ്യാപിച്ചു. ഈ ലക്ഷ്യങ്ങളോടെ നിരവധി നിയമങ്ങൾ പരിഷ്‌കരിക്കുകയും വാണിജ്യ, തൊഴിൽ കേസുകൾക്ക് വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കുകയും ചെയ്തു. 
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക മേഖലയിൽ വലിയ തോതിലുള്ള ഉണർവുണ്ടാക്കുന്നതിനും വിനോദ സഞ്ചാര വ്യവസായ മേഖലക്ക് വിഷൻ 2030 പദ്ധതി പ്രത്യേക ഊന്നൽ നൽകുന്നു. ലോക രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വൻകിട വിനോദ, ഉല്ലാസ പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിൽ പലതും ലോകത്തു തന്നെ സമാനതയില്ലാത്ത നിലക്കുള്ള വമ്പൻ പദ്ധതികളാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും യുവതലമുറക്കു മുന്നിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ തുറക്കാനും ലക്ഷ്യമിട്ട് 50,000 കോടി ഡോളർ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്ന നിയോം പദ്ധതി, ലോകത്തെ ഏറ്റവും വലിയ വിനോദ, ഉല്ലാസ കേന്ദ്രമായ ഖിദ്‌യ, ചെങ്കടൽ വിനോദ സഞ്ചാര പദ്ധതി എന്നിവ വിഷൻ 2030 പദ്ധതിയുടെ ഭാഗമാണ്.  


സൗദി വിനോദ സഞ്ചാരികൾ പ്രതിവർഷം ആയിരക്കണക്കിന് കോടി ഡോളറാണ് വിദേശങ്ങളിൽ ചെലവഴിക്കുന്നത്. അവധിക്കാലം രാജ്യത്തു തന്നെ ചെലവഴിക്കുന്നതിന് സ്വദേശികളെ പ്രേരിപ്പിക്കുന്നതിനും വിദേശങ്ങളിലേക്ക് ഒഴുകുന്ന ഭീമമായ തുക രാജ്യത്തിനകത്തു തന്നെ പ്രയോജനപ്പെടുത്തുന്നതിനും വിനോദ സഞ്ചാര പദ്ധതികളിലൂടെ ഉന്നമിടുന്നു. സൗദിയിൽ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയതും ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലേക്ക് വനിതകൾക്ക് പ്രവേശനാനുമതി നൽകിയതും ലോക പ്രശസ്തരായ സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുള്ള സംഗീത നിശകളും ഗുസ്തി മത്സരങ്ങളും പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കാൻ തുടങ്ങിയതും ഈ ലക്ഷ്യങ്ങളോടെയാണ്. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ലക്ഷ്യവും മറ്റൊന്നല്ല. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനും കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനും മക്കയിലും മദീനയിലും ജിദ്ദയിലും നിരവധി വികസന പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പുതിയ ജിദ്ദ എയർപോർട്ടും തായിഫ് എയർപോർട്ട് വികസനവും ഫൈസലിയ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത വിമാനത്താവളവും ഹറമൈൻ ഹൈസ്പീഡ് റെയിൽവെയും ഹറം വികസനവും ഇതിന്റെ ഭാഗമാണ്. കൂടുതൽ തീർഥാടകരെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിന് വിസാ ഫീസുകൾ ഏകീകരിക്കുകയും ഉംറ ആവർത്തിക്കുന്നവർക്ക് ബാധകമാക്കിയിരുന്ന പ്രത്യേക ഫീസ് എടുത്തുകളയുകയും ഇ-ഉംറ വിസ സേവനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 


വിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നിയോം പദ്ധതിയെ സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഉത്തര സൗദിയിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ ചെങ്കടൽ തീരത്ത് 460 കിലോമീറ്റർ നീളമുള്ള പ്രദേശത്ത് സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ എന്നീ മൂന്നു രാജ്യങ്ങളിലാണ് നിയോം പദ്ധതി വ്യാപിച്ചുകിടക്കുന്നത്. 50,000 കോടി ഡോളറാണ് പദ്ധതി പ്രദേശത്ത് ആകെ പ്രതീക്ഷിക്കുന്ന നിക്ഷേപം. കിഴക്കൻ പ്രവിശ്യയിൽ ബഖീഖിനു സമീപം 50 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്ത് നടപ്പാക്കുന്ന കിംഗ് സൽമാൻ ഊർജ സിറ്റിയിൽ ഒരു ലക്ഷം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കണക്കാക്കുന്നു. ഉത്തര സൗദിയിലെ വഅദ് അൽശമാൽ വ്യവസായ നഗരി 440 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് നടപ്പാക്കുന്നത്. പെട്രോളിതര ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 2,400 കോടി റിയാൽ വഅദ് അൽശമാൽ നഗരി സംഭാവന ചെയ്യും. 2024 ഓടെ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് ഉൽപാദകരായി മാറുന്നതിന് വഅദ് അൽശമാൽ പദ്ധതി സൗദി അറേബ്യയെ സഹായിക്കും. 


റിയാദിനു സമീപം 334 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് പദ്ധതിയായ ഖിദ്‌യ നടപ്പാക്കുന്നത്. ചെങ്കടൽ തീരത്ത് ആഡംബര വിനോദ സഞ്ചാരം വാഗ്ദാനം ചെയ്ത് നടപ്പാക്കുന്ന അമാലാ സിറ്റി 3,800 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കും. സൗദി അറേബ്യയിലെ ഏറ്റവും സമ്പന്നമായ പൈതൃക, പുരാവസ്തു കേന്ദ്രമായ അൽഉലയിലും വലിയ തോതിലുള്ള വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. 
വനിതാ ശക്തീകരണ, സാമൂഹിക പരിഷ്‌കരണ മേഖലകളിൽ ഭരണാധികാരികൾ പ്രഖ്യാപിച്ച് നടപ്പാക്കിയ സുധീരമായ തീരുമാനങ്ങൾ വിപ്ലവ സമാനമാണ്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി, പ്രായപൂർത്തിയായ വനിതകൾക്ക് രക്ഷാകർത്താക്കളുടെ അനുമതി കൂടാതെ വിദേശ യാത്രകൾ നടത്തുന്നതിനുള്ള അനുമതി, രക്ഷാകർത്താക്കളുടെ സമ്മതപത്രമില്ലാതെ തന്നെ വനിതകൾക്ക് പാസ്‌പോർട്ടുകളും തിരിച്ചറിയൽ കാർഡുകളും നേടുന്നതിനും സ്വന്തം നിലക്ക് വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അനുമതി, നിരവധി പുതിയ തൊഴിൽ മേഖലകൾ വനിതകൾക്കു മുന്നിൽ തുറന്നുകൊടുക്കൽ തുടങ്ങിയ പരിഷ്‌കരണ പദ്ധതികൾ രാജ്യത്തുണ്ടാക്കിയ അലയൊലികളുടെ പ്രകമ്പനങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. 

Latest News