ജിദ്ദ - ഗൃഹാതുരത്വം ഉണർത്തി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സുലൈമാനിയ്യ അൽ ഖമീഹ് വില്ലയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ദാസ്‌മോൻ തോമസ് അധ്യക്ഷത വഹിച്ചു. കെ.ഡി.പി.എ അംഗങ്ങൾ ആഘോഷ പൂർവം ആർപ്പുവിളികളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന മാവേലിയെ ചെയർമാൻ നിസാർ യൂസുഫ്, സെക്രട്ടറി ബെന്നി തോമസ് എന്നിവർ വേദിയിൽ സ്വീകരിച്ചു. നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്ത മാവേലി സദസ്യരുമായി സംവദിച്ചു.
മാത്യു വർഗീസ്, ലിസ മാത്യു, സനൽ, സൗമ്യ, മനീഷ് കുടവെച്ചൂർ, വിനീഷ, ബെൽദ ബെൻ തോമസ്, ഡോണ ദാസ്‌മോൻ എന്നിവർ ചേർന്ന് ഓണപ്പാട്ട് ആലപിച്ചു.
വ്യത്യസ്ത പ്രകടനങ്ങളുമായി സ്റ്റേജിലെത്തിയ കുടുംബങ്ങളിൽനിന്ന് സനൽ-സൗമ്യ കുടുംബത്തെ 'കെ.ഡി.പി.എ ഓണഫാമിലി 2019' ആയി തെരഞ്ഞെടുത്തു. പതിനാലോളം കുടുംബങ്ങൾ മത്സരത്തിൽ മാറ്റുരച്ചു. വിജയികൾക്ക് നിസാർ യൂസുഫിന്റെ മാതാവ് സുബൈദ യൂസുഫ് സമ്മാനം കൈമാറി.
വിഭവ സമൃദ്ധമായ ഓണസദ്യക്ക് സാബു കുര്യാക്കോസ്, ടോമി പുന്നൻ, അയ്യൂബ്, ജോമോൻ, സിദ്ദീഖ് അബ്ദുറഹീം, സിറിയക് കുര്യൻ, പ്രശാന്ത് പാലാ, ഷൈജു ലത്തീഫ്, ബെന്നി പി.സി, ജിമ്മി മാത്യു എന്നിവർ നേതൃത്വം നൽകി.
അഞ്ജലി, അനിൽ നായർ, ബെൽദ ബെൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഫിയോണ ടോമി, റിമി ടോമി, ബ്ലെസ്സി ബെന്നി, നിസി ബോബി, ബെൽദ ബെൻ, അഞ്ജലി പ്രശാന്ത് എന്നിവർ ചേർന്ന് തിരുവാതിര അവതരിപ്പിച്ചു. പത്ത് വർഷത്തിന്റെ ഇടവേളക്കു ശേഷം അരങ്ങിലെത്തി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ച വിനീഷ മനീഷ് സദസ്സിന്റെ ഹൃദയം കവർന്നു.
വടംവലി, കലംതല്ലിപ്പൊട്ടിക്കൽ, ചാക്കിലോട്ടം തുടങ്ങി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച കായിക ഇനങ്ങളിൽ അംഗങ്ങൾ ആവേശപൂർവം പങ്കാളികളായി. വടംവലിയിൽ ടീം കാഞ്ഞിരപ്പള്ളിയെ പരാജയപ്പെടുത്തി ടീം ഏറ്റുമാനൂർ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി.
മാവേലിയായി വേഷമിട്ട ബോബി ജോസഫിന് ബിജോയ് തോമസ് കോസ്റ്റിയൂം ഒരുക്കി.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഭാരവാഹികളായ നിസാർ യൂസുഫ്, ദാസ്‌മോൻ തോമസ്, ബെന്നി തോമസ്, കെ.എസ്.എ.റസാഖ്, സാബു കുര്യാക്കോസ്, തങ്കച്ചൻ കുര്യൻ, അനീസ് മുഹമ്മദ്, പ്രജീഷ് മാത്യു, അനിൽ നായർ, സാജിദ് ഈരാറ്റുപേട്ട, നിഷ നിസാർ, ആഷ അനിൽ, ബിന്ദു ബെന്നി, ജോമോൾ പ്രജീഷ്, ജെസി ദാസ്‌മോൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബെന്നി തോമസ് സ്വാഗതവും കെ.എസ്.എ.റസാഖ് നന്ദിയും പറഞ്ഞു.