തലശ്ശേരി- സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരമാണ് 'പാലാരിവട്ടം പുട്ട്'. ഇന്നലെ മുതലാണ് ഈ പുട്ട് വൈറലായികൊണ്ടിരിക്കുന്നത്. തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ എന്ന സവിശേഷതയുണ്ടെന്നാണ് പുട്ട് നിര്‍മ്മാതാക്കളുടെ അവകാശ വാദം.'പാലാരിവട്ടം പുട്ട്' വളരെ സോഫ്റ്റാണെന്നും എളുപ്പം കഴിക്കാമെന്നും പറയാന്‍ ഇതിലും മികച്ച ഒരു ഉദാഹരണം വേറെയില്ലയെന്നുതന്നെ പറയാം.
പുട്ടിന് ഇങ്ങനൊരു പേര് നല്‍കിയതിന്റെ പിന്നില്‍ തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്‌റ്റോറന്റാണ്.റെസ്‌റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇപ്പോള്‍ പലരുടേയും ഫേസ്ബുക്കിന്റെയും വാട്‌സ്ആപിന്റെയും വാള്‍പ്പേപ്പറും പ്രൊഫൈല്‍ പിക്ചറും.
പാലാരിവട്ടം പാലം പോലെ പാലാരിവട്ടം പുട്ടിനും തൊട്ടാല്‍ പൊട്ടുന്ന സോഫ്റ്റ്‌നസ് ആണെന്നാണ് പുട്ടിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്തായാലും സംഗതി ഉഷാറാകുകയും പാലാരിവട്ടം പുട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
തൊട്ടാല്‍ പൊളിയുന്ന പുട്ടിന്റെ പരസ്യം നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലം പൊളിച്ചു നീക്കി പുതിയ പാലം പണിയാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് പാലാരിവട്ടം പുട്ടിന്റെ എന്‍ട്രി.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുന്‍പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം.
പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ ഇതിനോടകം തന്നെ നിരവധി ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.
അതിനിടെയാണ് ഈ പുട്ടിന്റെ എന്‍ട്രിയും. എന്തായാലും ഈ പുട്ട് കേരളത്തിലെ വിവിധ ഹോട്ടലുകളിലെ ചൂടന്‍ വിഭവം ആവുമോ എന്ന് കാത്തിരുന്നു കാണാം.