ദോഹ- മലയാളത്തനിമയില്‍ ഓണാഘോഷവുമായി ദോഹ മലയാളി സമാജം. ഉമ്മുസലാലിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടന്ന ഓണാഘോഷം ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘടനയായ കാക് ഖത്തറുമായി സഹകരിച്ചാണ് തൊഴിലാളികള്‍ക്കൊപ്പം ഓണാഘോഷം നടത്തിയത്. വിവിധ ക്യാംപുകളില്‍നിന്നുള്ള 1,000 തൊഴിലാളികള്‍ ഉള്‍പ്പെടെ 2,500 പേര്‍ ഓണസദ്യയില്‍ പങ്കെടുത്തു. ദോഹയില്‍ ഇതാദ്യമാണ് 2,500 പേര്‍ പങ്കെടുക്കുന്ന ഓണാഘോഷം.
മലയാളി സമാജം അംഗങ്ങള്‍ വീട്ടുരുചിയില്‍ തയാറാക്കിയ 35 വിഭവങ്ങളുള്‍പ്പെടുന്ന സദ്യയാണ് ഒരുക്കിയത്. ഉച്ചക്ക് 12.30ന് ആരംഭിച്ച ഓണസദ്യ വൈകിട്ട് അഞ്ച് വരെ നീണ്ടു. അംബാസഡര്‍ പി.കുമരന്‍ തൊഴിലാളികള്‍ക്കൊപ്പം സദ്യ കഴിച്ചതും ഏറെ ശ്രദ്ധേയമായി.
മെഗാ തിരുവാതിരയും ശ്രദ്ധേയമായി. 10 മുതല്‍ 50 വയസ് വരെയുള്ള 150 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയാണ് നടത്തിയത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാവേലിയെ വേദിയിലേക്ക് ആനയിച്ചത്. എംബസി കൗണ്‍സിലര്‍ രാജേഷ് കാംബ്ലി, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി.മണികണ്ഠന്‍, മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍, കാക് ഖത്തര്‍ പ്രസിഡന്റ് സുബൈര്‍ പാണ്ടവത്ത്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.