ജിദ്ദ- ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് നിര്‍മിച്ചു നല്‍കുന്ന വീട് വിവാദമാക്കുന്നവര്‍ക്ക് മറുപടിയുമായി ജിദ്ദ ബഖാല കൂട്ടായ്മ.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദലിയുടെ സാന്നധ്യത്തിലാണ് ബഖാല കൂട്ടായ്മ ഭാരവഹികള്‍ വിശദീകരണം നല്‍കിയത്.
ജെ.എന്‍.എച്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബഖാല കൂട്ടായ്മ വീട് പൂര്‍ത്തിയാക്കുന്നത്. കൊട്ടാരമാണ് നിര്‍മിക്കുന്നതെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഫിറോസ് വകമാറ്റുകയാണെന്നുമാണ് പ്രചാരണം.
കഴിയും വേഗം വീട് പൂര്‍ത്തിയാക്കി നല്‍കാന്‍ കൂട്ടായ്മ ശ്രമിക്കുമ്പോഴാണ് ഒരു വിഭാഗം എതിര്‍പ്രചാരണം ശക്തമാക്കിയത്. വീടു നിര്‍മിക്കാന്‍ സംഭാവന നല്‍കിയവരുടെ മുഴുവന്‍ കണക്കും തങ്ങളുടെ പക്കലുണ്ടെന്നും ആര്‍ക്കും പരിശോധിക്കാമെന്നും ഭാരവാഹികള്‍ പറയുന്നു.
ഫിറോസിനെ പോലുള്ളവര്‍ക്കെതിരായ പ്രചാരണം പാവങ്ങളായ രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളെയാണ് ബാധിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.