ദുബായ്- തന്നെ മദ്യപനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. യു.എ.ഇയിൽ ഡെസേർട്ട് സഫാരിക്ക് പോയതിന്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും സിദ്ദീഖ് വ്യക്തമാക്കി.
കുടുംബത്തിനോടൊപ്പമാണ് ഡെസേർട്ട് സഫാരി നടത്തിയത്. ശക്തമായ കാറ്റും ക്ഷീണവുമുണ്ടായിരുന്നുവെന്നും നിലത്ത് കാലുറപ്പിക്കാനാകാത്ത വിധം തെന്നിപ്പോയെന്നും സിദ്ദീഖ് പറഞ്ഞു. കുറെനേരം മണലിൽ ഇരുന്നശേഷം എഴുന്നേറ്റപ്പോഴുള്ള ദൃശ്യം പ്രചരിപ്പിച്ച് മദ്യപനാക്കി മാറ്റാൻ ശ്രമിക്കുന്നത് ഖേദകരമാണ്. ജീവിതത്തിൽ ഇക്കാലം വരെ മദ്യപിച്ചിട്ടില്ലെന്നും തന്നെ മദ്യപാനിയാക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കാൻ തയ്യാറല്ലെന്നും സിദ്ദീഖ് പറഞ്ഞു. താൻ മദ്യപിച്ചുവെന്ന് തെളിയിക്കാൻ എതിരാളികളെ വെല്ലുവിളിക്കുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. പോലീസിൽ പരാതി നൽകുമെന്നും സിദ്ദീഖ് വ്യക്തമാക്കി.
കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് താൻ ദുബായിലെത്തിയതെന്നും കോഴിക്കോട് ജില്ലാ ഇൻകാസ് കമ്മറ്റിയുടേത് ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് സന്ദർശനം നടത്തിയതെന്നും സിദ്ദീഖ് പറഞ്ഞു.