Sorry, you need to enable JavaScript to visit this website.

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ആയിരത്തിലേറെ  കോടിയുടെ അഴിമതിയെന്ന് വി.ഡി.സതീശൻ 

കൊച്ചി- കിഫ്ബിയുടെ സഹായത്തോടെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ആയിരത്തിലേറെ കോടികളുടെ ക്രമക്കേടുകൾ നടന്നതായി വി.ഡി.സതീശൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ചട്ടങ്ങൾ മറികടന്നാണ് 4572 കോടി രൂപ മുടക്കി കിഫ്ബി സഹായത്തോടെ ബോർഡ് നടത്തുന്ന ഒന്നാംഘട്ട പദ്ധതിയിലെ 12 എണ്ണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുള്ളത്. നാലു തലങ്ങളിലാണ് അഴിമതി നടന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
പി.ഡബ്ല്യു.ഡി ഷെഡ്യൂൾ നിരക്കിനെ അടിസ്ഥാനമാക്കി ഒരു നിരക്ക് നിശ്ചയിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയാണ് ഇത്തരം പ്രവൃത്തികൾ സാധാരണ കെ.എസ്.ഇ.ബി നടത്തുന്നത്. ഇതിനായി താഴേത്തലം മുതൽ എസ്റ്റിമേറ്റ് തയാറാക്കും. എന്നാൽ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഒരു ചീഫ് എൻജിനീയറെ പ്രത്യേകമായി നിശ്ചയിച്ച് നിലവിലുള്ള ബോർഡ് റേറ്റിനേക്കാൾ 50 മുതൽ 80 ശതമാനം വരെ എസ്റ്റിമേറ്റ് തുക ഉയർത്തി. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് ബോർഡിൽ നടന്നിരിക്കുന്നത്. 
കോട്ടയം-തൃശൂർ ജില്ലകളിൽ നടത്തുന്ന പദ്ധതിക്ക് 130 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നിലവിലെ നിരക്കനുസരിച്ച് ബോർഡ് തയാറാക്കേണ്ടിയിരിക്കുന്നത്. ഇത് 60 ശതമാനം ഉയർത്തി എസ്റ്റിമേറ്റ് 210 കോടി രൂപയാക്കി. അങ്ങനെ ആകെ ടെണ്ടർ തുക 339.50 കോടി രൂപയാക്കി ഉയർത്തിയാണ് എൽ ആന്റ് ടി കമ്പനിക്ക് ടെണ്ടർ നൽകിയത്. ഇതുമൂലം 210 കോടി രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. സമാനമായ നടപടിയാണ് മലബാറിലെ മൂന്നു പദ്ധതികളിലും സംഭവിച്ചിരിക്കുന്നത്. 240 കോടി എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയാറാക്കി സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ കമ്പനിക്ക് ടെണ്ടർ തുക 54.81 ശതമാനം വർധിപ്പിച്ച് 372.42 കോടിക്ക് കരാർ നൽകി.
ഇതിനെല്ലാം വിചിത്രമായ വാദങ്ങളാണ് ബോർഡ് നിരത്തുന്നത്. പദ്ധതി മേഖലകളിലെ ശക്തമായ ട്രേഡ് യൂനിയൻ സാന്നിധ്യംകൊണ്ട് കയറ്റിറക്ക് ജോലികൾക്കും മറ്റുമായി വൻ തുക വേണ്ടിവരുമെന്നതു പരിഗണിച്ചതാണ് ഉയർന്ന ടെണ്ടർ തുക അനുവദിച്ചതിനു കാരണമെന്നാണ് ബോർഡ് വിശദീകരണം. പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകളിൽ മാറ്റം വരുത്തി ടെണ്ടറിന്റെ മത്സര സ്വഭാവം നഷ്ടപ്പെടുത്തിയെന്നും സതീശൻ ആക്ഷേപിച്ചു. ബോർഡ് അധികൃതരുടെ ഒത്താശയോടെ വൻകിട കമ്പനികൾ കാർട്ടൽ രൂപീകരിച്ച് 70 ശതമാനം വരെ ടെണ്ടർ ഉയർത്തി. 

ടെണ്ടർ നടപടികൾ ചീഫ് എൻജിനീയറും ടെണ്ടറിൽ പങ്കെടുത്ത കമ്പനികളും ഒരുമിച്ചിരുന്നാണ് തീരുമാനിച്ചതെന്നും എം.എൽ.എ ആരോപിച്ചു. പത്തു ശതമാനത്തിനു മേൽ ടെണ്ടർ തുക ഉയർന്നാൽ റീ എസ്റ്റിമേറ്റ് തയാറാക്കി വീണ്ടും ടെണ്ടർ ചെയ്യണമെന്ന 2017 ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവും കാറ്റിൽപ്പറത്തി. ഇതിനു നേതൃത്വം കൊടുത്ത ട്രാൻസ്മിഷൻ ഡയറക്ടർ റിട്ടയർ ചെയ്ത ശേഷം കിഫ്ബിക്കു വേണ്ടി പ്രവൃത്തികൾ പരിശോധിക്കുന്ന സ്വകാര്യ കമ്പനിയുടെ കൺസൾട്ടന്റായി ചുമതലയേറ്റതും ബോർഡിന്റെ ക്രമക്കേടുകളെ ശരിവെച്ചു. 
കിഫ്ബിയിൽ സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ തെളിവുകൾ. 2.80 ലക്ഷം രൂപ മാസ ശമ്പളത്തിൽ കിഫ്ബിയിൽ പദ്ധതി അവലോകനത്തിന് അപ്രൈസൽ വിഭാഗത്തിന്റെ തലവനെ നിശ്ചയിച്ചിട്ടുള്ളപ്പോൾ എട്ടു കോടി രൂപ കൊടുത്ത് 'ടെറാനസ്' എന്ന സ്വകാര്യ കമ്പനിയെ അതേ ചുമതലകൾ ഏൽപിച്ചത് എന്തിനെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

 

Latest News