റിയാദ് - സൗദി അറേബ്യയുടെ 89- മത് ദേശീയദിനം പ്രമാണിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് 2,669 വ്യാപാര സ്ഥാപനങ്ങൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം ലൈസൻസുകൾ അനുവദിച്ചു. ഈ സ്ഥാപനങ്ങൾക്കു കീഴിൽ രാജ്യത്തുള്ള എല്ലാ ശാഖകളിലും ഓഫറുകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട്. ജെന്റ്‌സ് ഐറ്റംസ്, വസ്ത്രങ്ങൾ, സ്‌പോർട്‌സ് പാദരക്ഷകൾ, ഫർണിച്ചർ, പർദ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ് ഓഫറുകൾ പ്രഖ്യാപിക്കാൻ ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത്.
പത്തു മുതൽ 88 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിക്കുന്നതിനാണ് ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബർ 19 മുതൽ 25 വരെയുള്ള കാലത്ത് ഓഫറുകൾ പ്രഖ്യാപിക്കുന്നതിനാണ് മന്ത്രാലയം ലൈസൻസ് നൽകിയിരിക്കുന്നത്. ഓഫറുകൾ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഈ മാസാദ്യം മുതൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. ഓഫറുകൾ പ്രഖ്യാപിക്കുന്നതിനുള്ള ലൈസൻസുകൾ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴിയാണ് മന്ത്രാലയം ഇപ്പോൾ അനുവദിക്കുന്നത്. ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഓൺലൈൻ പെയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി ഫീസ് അടച്ച് ഓഫർ ലൈസൻസിന്റെ പ്രിന്റൗട്ട് എടുക്കുകയാണ് വേണ്ടത്.