കോഴിക്കോട്- കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയ ബിജെപി പ്രാദേശിക നേതാവിനെ ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് വീണ്ടും പിടിയിലായത്. രാകേഷിനൊപ്പം കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി. കോഴിക്കോട് ഓമശേരിയില്‍ വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി ബൂത്ത് പ്രസിഡന്റുമായിരുന്ന രാകേഷ് നോട്ട് നിരോധന സമയത്താണ് വ്യാജനോട്ടടി കേസില്‍ അറസ്റ്റിലായിരുന്നത്. വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചായിരുന്നു നോട്ടടി. കിട്ടാക്കനിയായിരുന്ന 2000 രൂപയുടെ അടക്കം 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്.