കോഴിക്കോട്- മുൻകൂർ പണമടച്ച് വർഷങ്ങൾ കാത്തിരുന്നിട്ടും ഫ് ളാറ്റ് നൽകാത്തതിനെതിരെ അഞ്ച് ഡോക്ടർമാർ നിയമ നടപടിക്ക്. പ്രമുഖ ബിൽഡേഴ്‌സായ കോഴിക്കോട് പി.ടി ഉഷാ റോഡിൽ പ്രവർത്തിക്കുന്ന പെന്റഗൺ ബിൽഡേഴ്‌സിനെതിരെയാണ് ആരോപണം. ബിൽഡേഴ്‌സുമായുണ്ടാക്കിയ കരാറനുസരിച്ച് കോഴിക്കോട് കാമ്പുറം ബീച്ചിൽ നിർമിക്കുന്ന ഫഌറ്റ് 2012 ൽ പണി തീർത്ത് കൈമാറേണ്ടതാണ്. എന്നാൽ 2019 അവസാനമായിട്ടും പണം മുടക്കിയവർക്ക് ഫഌറ്റുകൾ കിട്ടിയില്ല. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഡോക്ടർമാരായ കാളികാവ് സ്വദേശി അബ്ദുൽ ലത്തീഫ്, കോഴിക്കോട് സ്വദേശിയായ ഡോ. എം.എം അബ്ദുൽ സലാം, അരീക്കോട് സ്വദേശി ഡോ.സഫറുല്ല.കെ, ഡോ.അബ്ദുൽ ലത്തീഫ് പടിയത്ത്, പരപ്പനങ്ങാടി സ്വദേശി ഡോ.അബ്ദുൽ മുനീർ.കെ എന്നിവരാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.
കോഴിക്കോട് കാമ്പുറം ബീച്ചിൽ നിർമിക്കുന്ന സീഷെൽസ് അപ്പാർട്ട്‌മെന്റ് ഫഌറ്റിനാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ജില്ലയിലെ പ്രശസ്തമായ ഹോസ്പിറ്റലുകൾ, പ്രൊഫഷണൽ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന ഇവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പ്രോജക്ടായ സീഷെൽസ് എന്ന റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലേക്ക് ഇടപാടുകാരെ ക്ഷണിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പണി മുഴുവനും പൂർത്തിയാക്കി രജിസ്റ്റർ ചെയ്തു നൽകുമെന്ന് പറഞ്ഞ് എഗ്രിമെന്റും ഉണ്ടാക്കി. 2007 ലാണ് പരാതിക്കാർ ഫഌറ്റിന് അഡ്വാൻസ് പണമടച്ച് ബുക്ക് ചെയ്തത്. 2012 ൽ പണി പൂർത്തിയാക്കി കൈമാറുമെന്നായിരുന്നു കരാർ. 2009 ൽ പണി തുടങ്ങിയ ഫഌറ്റ് നിർമാണം ഇതുവരെ പൂർത്തിയായില്ല. പല തവണ എഗ്രിമെന്റുകൾ മാറ്റി എഴുതി. 36 ലക്ഷം മുതൽ 65 ലക്ഷം രൂപ വരെ വിലയുള്ള ഫഌറ്റുകൾക്കാണ് ഇവർ എഗ്രിമെന്റ് വെച്ചിരുന്നത്. കഴിഞ്ഞ വർഷം മെയ് 29 ന് ഉടമകൾക്ക് ഫഌറ്റ് രജിസ്റ്റർ ചെയ്ത് നൽകിയെങ്കിലും താക്കോൽ കൈമാറിയില്ല. മാത്രമല്ല ഫഌറ്റിന്റെ പണി ഇതുവരെ പൂർത്തിയായിട്ടുമില്ല. പന്ത്രണ്ട് വർഷമായിട്ടും ഫഌറ്റ് ലഭിക്കാതെ വന്നതോടെയാണ് നിയമ നടപടികളിലേക്ക് തിരിഞ്ഞതെന്നും ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഉപഭോക്താക്കളറിയാതെ ഫഌറ്റ് ഈടു വെച്ച് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് നിർമാതാക്കൾ അഞ്ചു കോടി രൂപ വായ്പയും എടുത്തു. ഇടപാടുകാരിൽ നിന്ന് വാങ്ങിയ തുക കൊണ്ടു തന്നെ ഫഌറ്റ് നിർമാണം പൂർത്തിയാക്കാമെന്നിരിക്കെ കൂടുതൽ ലോൺ കൈപ്പറ്റുകയായിരുന്നു നിർമാതാക്കൾ. പലിശയടക്കം ഏഴരക്കോടിയോളം രൂപ നൽകാനുണ്ടെന്ന് കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വിവരം ലഭിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം ഉപഭോക്താക്കൾ അറിയുന്നത്. കെ.എഫ്.സിയുടെ ലോണിന്റെ കാര്യം പറഞ്ഞ് ഫഌറ്റ് കൈമാറുന്നത് വൈകിയപ്പോൾ ഫഌറ്റ് നിർമാണം പൂർത്തിയാക്കി കൈമാറുമ്പോൾ നൽകേണ്ട അവസാന ഇൻസ്റ്റാൾമെന്റും ഉപഭോക്താക്കൾ നൽകി. ഈ വായ്പ കൃത്യമായി പ്രതിമാസം പെന്റഗൺ അടക്കാത്തതിനാൽ ഫഌറ്റിന് വൈദ്യുത കണക്ഷനും ഗ്യാസ് കണക്ഷനും കിട്ടാത്ത അവസ്ഥയാണ്. കുടുംബസമേതം താമസിക്കുന്നതിനുള്ള ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയിട്ടില്ലെന്നും കരാർ പ്രകാരമള്ള വിസ്തൃതി ഫഌറ്റിനില്ലെന്നും അവർ കുറ്റപ്പെടുത്തി.
നടക്കാവ് പോലീസിൽ പെന്റഗണിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാതെ വന്നപ്പോൾ വഞ്ചനാ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.