പാലാരിവട്ടം പാലം: മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് ഇബ്രാഹിം കുഞ്ഞ്

കൊച്ചി- കരാര്‍ കമ്പനികള്‍ക്ക് മുന്‍കൂര്‍പണം നല്‍കുന്നത് സാധാരണരീതിയാണെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച്  കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുന്‍ പൊതുമരാമത്ത് മന്ത്രി.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് പ്രോജക്ടുകള്‍, എ ഡി ബി പ്രോജക്ട്, സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ തുടങ്ങിയവക്ക് മൊബിലൈസേഷന്‍ ഫണ്ട് നല്‍കാന്‍ അനുമതിയുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. നിലവിലെ സര്‍ക്കാരും ഇത്തരത്തില്‍ പണം നല്‍കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്ത ഫയല്‍ താന്‍ കണ്ടിട്ടുണ്ടെന്നും അത് ഒരു മന്ത്രിയുടെ അവകാശമാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest News