മദീന- കുപ്പത്തൊട്ടിക്കു സമീപത്തു നിന്ന് വീണുകിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് തിരിച്ചു നൽകിയ ശുചീകരണ തൊഴിലാളിക്ക് മദീന നഗരസഭയുടെ ആദരം. മദീന നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളിയായ ബംഗ്ലാദേശുകാരൻ മുഹമ്മദ് ഇബ്രാഹിം ആണ് കുപ്പത്തൊട്ടിക്കു സമീപത്തു നിന്ന് കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയായ വനിതക്ക് തിരിച്ചു നൽകിയത്. മൊബൈൽ ഫോൺ എവിടെയാണ് വീണു പോയതെന്ന് വനിതക്ക് അറിയില്ലായിരുന്നു. ഇവർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ശുചീകരണ തൊഴിലാളിയാണ് അറ്റന്റ് ചെയ്തത്.
താൻ എവിടെയാണുള്ളതെന്ന് ബംഗ്ലാദേശുകാരൻ അറിയിച്ചു. ഇതു പ്രകാരം സ്ഥലത്തെത്തിയ ഉടമക്ക് ബംഗ്ലാദേശുകാരൻ മൊബൈൽ ഫോൺ കൈമാറുകയായിരുന്നു. മൊബൈൽ ഫോൺ ഉടമ വഴി ഇക്കാര്യം അറിഞ്ഞ മദീന നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗം കഴിഞ്ഞ ദിവസം ബംഗ്ലാദേശുകാരനെ ഓഫീസിൽ വിളിച്ചുവരുത്തി ആദരിച്ചു. ശുചീകരണ വിഭാഗം മേധാവി മാഹിർ അൽഹാസിമി ബംഗ്ലാദേശുകാരന് ഉപഹാരമായി പുതിയ സ്മാർട്ട് ഫോൺ സമ്മാനിച്ചു. പ്രശംസാപത്രവും കൈമാറി.