റിയാദ്- സൗദി അറേബ്യയും യു.എ.ഇയും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ 25 അടിസ്ഥാന (കാൽ) പോയിന്റ് നിരക്കിലാണ് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) കുറച്ചത്. റിപ്പോ നിരക്ക് 2.75 ശതമാനത്തിൽ നിന്ന് 2.50 ശതാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 2.25 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായുമാണ് സാമ കുറച്ചത്.
ബാങ്കുകൾ സാമയിൽ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. സാമയിൽ നിന്ന് ബാങ്കുകൾ എടുക്കുന്ന വായ്പകൾക്കുള്ള പലിശ നിരക്കാണ് റിപ്പോ. നിരക്കുകൾ കുറച്ചത് പണഭദ്രത സംരക്ഷിക്കുന്നതിനുള്ള സാമ ലക്ഷ്യവുമായി ഒത്തുപോകുന്നതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി പറഞ്ഞു. അമേരിക്കൻ ഡോളറിനെയും സൗദി റിയാലിനെയും സ്ഥിര വിനിമയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ പലിശ നിരക്കുകളിൽ അമേരിക്കൻ ഫെഡറൽ റിസർവ് വരുത്തുന്ന ഭേദഗതികൾ സാധാരണയിൽ സാമയും പിന്തുടരാറാണ് പതിവ്.
അമേരിക്കൻ ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം പലിശ നിരക്ക് രണ്ടു ശതമാനത്തിൽ നിന്ന് 1.75 ശതമാനമായി കുറച്ചിരുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കുന്നത്. യു.എ.ഇ സെൻട്രൽ ബാങ്കും റിപ്പോ നിരക്കിൽ 25 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചതോടെ കമ്പനികൾക്കും വ്യക്തികൾക്കും കൂടുതൽ കുറഞ്ഞ നിരക്കിൽ ബാങ്കുകളിൽ നിന്ന് വായ്പകൾ ലഭിക്കും. സാമ്പത്തിക വളർച്ചയെ കുറിച്ച ആശങ്കയുടെയും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചത്.