റിയാദ്- ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളിയെ കുറിച്ച് വിവരങ്ങളില്ലെങ്കിൽ വിസ റദ്ദാക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കി തൊഴിലാളികളെ ഹുറൂബാക്കണം. ഇഖാമയിൽ കാലാവധി ശേഷിക്കെ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കുകയും വേതനവും സർവീസ് ആനുകൂല്യങ്ങളുമെല്ലാം കൊടുത്തു തീർക്കുകയും ചെയ്താലും തൊഴിലാളിയുടെ നിയമാനുസൃത ഉത്തരവാദിത്തം തുടർന്നും തൊഴിലുടമക്കു തന്നെയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം സ്‌പോൺസർഷിപ്പിലുള്ള വിസയിൽ രാജ്യത്ത് പ്രവേശിക്കുന്ന ഏതു വിദേശിയുടെയും പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് ജവാസാത്ത് വ്യക്തമാക്കി. ഫൈനൽ എക്‌സിറ്റ് നൽകിയ വിദേശ തൊഴിലാളി രാജ്യം വിടുന്നത് തൊഴിലുടമ ഉറപ്പുവരുത്തണം. ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതോടെ തൊഴിലുടമയുടെ ഉത്തരവാദിത്തം അവസാനിക്കില്ല. ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളി എവിടെയാണ് കഴിയുന്നതെന്ന് അറിയാത്ത പക്ഷം ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി (ഹുറൂബാക്കൽ) പരാതി രജിസ്റ്റർ ചെയ്യണം. ഗാർഹിക തൊഴിലാളികളെ ഹുറൂബാക്കി 90 ദിവസത്തിനു ശേഷം തൊഴിലുടമകൾ പാസ്‌പോർട്ടുകൾ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിന് കൈമാറണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാനാകില്ല. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളെ ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിച്ച് ഹുറൂബ് റദ്ദാക്കാൻ നടപടികൾ സ്വീകരിക്കണം. പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഒരു കാരണവശാലും ഹുറൂബ് റദ്ദാക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ ജവാസാത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്യും.