കൊച്ചി- ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ഭരണഘടനയുടെ 21ാം വകുപ്പിനു കീഴില്‍ വരുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റേയും വിദ്യാഭ്യാസ അവകാശത്തിന്റേയും ഭാഗമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശമെന്നും ജസ്റ്റിസ് പി.വി ആശയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടഞ്ഞതിനെതിരെ കോഴിക്കോട് ചേലനൂര്‍ ശ്രീ നാരായണ കോളെജ് ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ഫഹീമ ശിറീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സുപ്രധാന വിധി പറഞ്ഞത്.
വിലക്ക് ലംഘിച്ച് മൊബൈല്‍ ഉപയോഗിച്ചതിന് കോളെജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി റിട്ട് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹോസ്റ്റലിലെ ചട്ട പ്രകാരം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൈകുന്നേരം ആറു മണി മുതല്‍ രാത്രി 10 വരെ മൊബൈല്‍ ഉപയോഗത്തിന് നിരോധനമുണ്ട്. പഠനാവശ്യങ്ങള്‍ക്കു പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്ന അധികൃതരുടെ വിലക്കിനെതിരെ പരാതിക്കാരിയും ഏതാനും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള വഴിയടച്ച കോളെജ് അധികൃതരുടെ നടപടി ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫഹീമയുടെ ഹരജി അംഗീകരിച്ച ഹൈക്കോടതി നിരീക്ഷിച്ചു. മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഇന്റര്‍നെറ്റ് ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള അവസരമാണെന്ന പരാതിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചു.