തവനൂര്‍- തവനൂരിലെ സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോമിലെ ഏവര്‍ക്കും പ്രിയപ്പെട്ട അന്തേവാസിയായിരുന്ന ആസ്യാത്തക്ക് അന്ത്യ യാത്രയിലും താങ്ങായി, അവര്‍ മകനെ പോലെ കണ്ടിരുന്ന മന്ത്രി കെ.ടി ജലീല്‍. സ്വന്തം മണ്ഡലമായ തവനൂരിലെ വൃദ്ധ സദനത്തില്‍ നിത്യസന്ദര്‍ശകനായ ജലീലുമായി ഏറെ അടുപ്പമുണ്ടായിരുന്നു ആസ്യാത്തയ്ക്ക്. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ടു പോയ, ബന്ധുക്കളാരുമില്ലാത്ത ആസ്യാത്ത കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആറു വര്‍ഷമായി ഇവിടെയാണ് അവര്‍ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാവിലെ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മന്ത്രി മേല്‍നോട്ടം വഹിച്ചു.
ജനാസ നമസ്‌ക്കാരത്തിനും മന്ത്രി ജലിലാണ് നേതൃത്വം നല്‍കിയത്. മക്കളോ അടുത്ത ബന്ധുക്കളോ മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ആസ്യാത്ത സ്വന്തം മകനെ പോലെ കണ്ടിരുന്ന താന്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ആസ്യാത്തയുടെ മരണ വാര്‍ത്തയും അവരുമായുള്ള അടുപ്പവും കഴിഞ്ഞ ദിവസം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.