വാഷിംഗ്ടണ്‍- ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്തതിനു പിന്നില്‍ യു.എ.ഇയാണെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വിവാദമായി. റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നാണ് യു.എ.ഇയുടെ പ്രതികരണം.
മേയ് 23 നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പേരില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവാദ പ്രസ്താവന വന്നത്. ഹാക്കര്‍മാരാണ് വ്യാജ വാര്‍ത്തക്കു പിന്നിലെന്ന ഖത്തറിന്റെ വിശദീകരണം ഗള്‍ഫ് രാജ്യങ്ങള്‍ നിരാകരിച്ചിരുന്നു. യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.
വാസ്തവവിരുദ്ധമായ റിപ്പോര്‍ട്ടാണിതെന്ന് യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബ പറഞ്ഞു. താലിബാന്‍ മുതല്‍ ഹമാസും ഖദ്ദാഫിയും വരെ തീവ്രവാദികള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായം നല്‍കുന്നുവെന്നതു മാത്രമാണ് വാസ്തവം. അയല്‍ രാജ്യങ്ങളുടെ സ്ഥിരത പോലും പരിഗണിക്കാതെയാണ് സംഘര്‍ഷത്തിനു തീകൊളുത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഹാക്കിംഗ് വാര്‍ത്തയെ കുറിച്ച് യു.എസ്. വിദേശകാര്യ വകുപ്പ് പ്രതികരിച്ചിട്ടില്ല. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെ കുറിച്ച് ഖത്തറുമായി ചേര്‍ന്ന് എഫ്.ബി.ഐ അന്വേഷിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.