ഇടുക്കി- പിതൃസഹോദരന്റെ കാല്‍ പട്ടാപ്പകല്‍ ടൗണില്‍ വെച്ച് വെട്ടിമാറ്റിയ കേസില്‍ പ്രതി പിടിയില്‍. മറയൂര്‍ കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുത്തുപ്പാണ്ടിയെ വെട്ടിയ കേസിലെ പ്രതി സഹോദരപുത്രന്‍ കര്‍ശനാട് സ്വദേശി മുരുകനെ (34) മറയൂര്‍ പോലീസ് സംഘം പിടികൂടി.
തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കവേ മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇന്നലെ പുലര്‍ച്ചെ പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടുവാന്‍ ഉപയോഗിച്ച വാക്കത്തി കര്‍ശനാട്ടിലെ മുരുകന്റെ വീടിന് സമിപത്തുള്ള പഴയ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും പ്രതി പോലീസിന് എടുത്തു നല്‍കി. വാക്കത്തിയുടെ നടുവില്‍ ഇരു വശങ്ങളിലും രക്തക്കറ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവില്‍ക്കടവ് ടൗണില്‍ വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശത്തെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപ്പാണ്ടിയെ മുരുകന്‍ കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വലതുകാലിന്റെ മുട്ടിന് താഴ്ഭാഗം വെട്ടിമാറ്റിയ ശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാല്‍ പൂര്‍ണമായും അറ്റനിലയിലായ മുത്തുപ്പാണ്ടിയെ 15 മിനിറ്റുകള്‍ക്ക് ശേഷം മറയൂരില്‍ നിന്നും പോലീസെത്തിയാണ് ആദ്യം മറയൂര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി കോയമ്പത്തൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാല്‍ വിണ്ടും പിടിപ്പിച്ചുവെങ്കിലും ഫലപ്രദമാണോ എന്ന് വ്യക്തമായിട്ടില്ല.
തിരുനെല്‍വേലിയില്‍ മുത്തുപ്പാണ്ടിയുടെ സഹോദരന്റെ മകന്റെ മകളുടെ വിവാഹത്തിന് ബന്ധുക്കള്‍ എല്ലാവരും ഒന്നിച്ചു ഒരു വാഹനത്തിലാണ് പോയത്. ഇവരില്‍ ചിലര്‍ മദ്യപിച്ച ശേഷം ഉണ്ടായ വാക്കുതര്‍ക്കം ചെറുസംഘട്ടനത്തില്‍ കലാശിച്ചിരുന്നു. മുത്തുപ്പാണ്ടി ഇതര സമുദായക്കാരുമായി അടുത്ത് ഇടപഴകുന്നതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയ വഴക്കാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും സംബന്ധിച്ച് നടന്ന വാക്കു തര്‍ക്കത്തിനിടയില്‍ മുരുകന്റെ ഭാര്യ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം നിനക്കല്ല എന്ന് മുത്തുപ്പാണ്ടി പറഞ്ഞതായി മുരുകന്‍ പോലീസില്‍ മൊഴി നല്‍കി. ഇതു കേട്ട് പ്രകോപിതനായ മുരുകന്‍ തിരിച്ചു കാന്തല്ലൂരില്‍ വന്നാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് രാജപാളയത്തുവെച്ച് ഇവര്‍ സഞ്ചരിച്ച വാനില്‍ നിന്നും മുരുകന്‍ ഇറങ്ങി ബസിലാണ് കല്യാണത്തില്‍ പങ്കെടുത്തതും തിരികെ കാന്തല്ലൂരില്‍ എത്തിയതും. വെട്ടുമെന്ന ഭീഷണിയുള്ളതിനാല്‍ പോലീസില്‍ മുത്തുപ്പാണ്ടി പരാതി നല്‍കുമെന്ന് മുരുകന്‍ അറിഞ്ഞു. തടിവെട്ടുന്ന ജോലിക്കാരനായ മുരുകന്‍ ജോലിക്ക് പോകാതെ തിരികെ മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റുവാന്‍ ഉപയോഗിക്കുന്ന വാക്കത്തിയുമായി കോവില്‍ക്കടവിലെത്തി മുത്തു പാണ്ടിയെ വെട്ടുകയായിരുന്നു. വെട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ കയറി വീട്ടിലെത്തി വാക്കത്തി ഒളിപ്പിച്ച ശേഷം വേഷം മാറി തീര്‍ഥമല വനമേഖലയില്‍ ഒളിച്ചു. പിന്നീട് രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.
ഇടുക്കിയില്‍ നിന്നും സയന്റിഫിക് ഓഫീസര്‍ സ്മിത എസ്.നായര്‍, ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ജി സനല്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജഗദീശ്, എസ്.ഐ ജി.അജയകുമാര്‍, എഎസ്.ഐ അനില്‍.കെ.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എം.അബ്ബാസ്, അനൂപ് മോഹന്‍, അര്‍ജ്ജുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തെളിവെടുപ്പിന് ഏറ്റുവാങ്ങിയത്.