കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പത്ത് പേരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണവും സിഗററ്റും പിടികൂടി. ഗള്‍ഫില്‍നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയവരില്‍ നിന്നാണ് കളളക്കടത്ത് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ നിന്നാണ് 6,99 ഗ്രാം സ്വര്‍ണം ലഭിച്ചത്. ഇവക്ക് 26.29 ലക്ഷം രൂപ വില വരും.
എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തിയ കാസര്‍കോട് കളനാട് സ്വദേശി അബ്ദു റഹ്മാനില്‍ നിന്നും 30,000 രൂപ വില വരുന്ന 5,000 സിഗററ്റുകളും കാസര്‍േകാട് കുളങ്ങര സ്വദേശി ബീരാന്‍കുഞ്ഞിയില്‍ നിന്നും 36,000 രൂപയുടെ 6,000 സിഗററ്റുകളുമാണ് പിടിച്ചത്. ഇതേ വിമാനത്തിലെത്തിയ വടകര ചാനിയംകടവ് സ്വദേശി മുഹമ്മദ് തായമ്പറത്തില്‍ നിന്നും 20 ലക്ഷത്തിന്റെ 640 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്.
ദുബായില്‍ നിന്നുളള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മണിപുരം സ്വദേശി അബ്ദുല്‍ വാഹില്‍ നിന്നും 821 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. 30.88 ലക്ഷം രൂപ വില വരുന്ന ഇവ ശരീരത്തിനുളളിലായിരുന്നു ഒളിപ്പിച്ചത്. മസ്‌കത്തില്‍ നിന്നുളള ഒമാന്‍ എയറിലെത്തിയ കാസര്‍കോട് തലയങ്ങാടി സ്വദേശികളായ ആദില്‍ അദ്‌നാന്‍, അബ്ദുല്‍ ഖാദര്‍ എന്നിവരില്‍ നിന്നായി 28,000 സിഗററ്റുകളാണ് പിടിച്ചത്. ഇവക്ക് 1.68 ലക്ഷം വില വരും. ഇരുവരും ബാഗേജിനുളളിലായിരുന്നു ഒളിപ്പിച്ചത്. ഒമാന്‍ എയറിന്റെ മറ്റൊരു മസ്‌കത്ത് വിമാനത്തിലെത്തിയ കാസര്‍കോട് കുളങ്ങര സ്വദേശികളായ അഹമ്മദ് നബീല്‍, അബ്ദുല്‍ റഹീം എന്നിവരില്‍ നിന്നും 12,000 സിഗററ്റുകളും പിടികൂടി. ബാഗേജിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഇവക്ക് 88,000 രൂപ വില വരും. ബഹ്‌റൈനില്‍ നിന്നുളള ഗള്‍ഫ് എയറിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഖാന്‍ ഖുര്‍ഷിദില്‍ നിന്നും 60,000 രൂപ വില വരുന്ന 10,000 സിഗററ്റും കണ്ടെത്തി.