ന്യൂദല്‍ഹി- രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്‍റ് ഹൗസിലും സംസ്ഥാന നിയമസഭകളിലും ആരംഭിച്ചു. വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് സമയം. ഈ മാസം 20 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ വോട്ടെടുപ്പ്. വയലറ്റ് മഷിയുള്ള പ്രത്യേക പേനയാണ് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്. പോളിംഗ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഈ പേനയല്ലാതെ വേറെ പേനകള്‍ ഉപയോഗിച്ചാല്‍ വോട്ട് അസാധുവാകും. എം.പിമാര്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറുകളും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് നല്‍കുന്നത്. പാര്‍ലമെന്റില്‍ രണ്ടു പേരേയും നിയസഭകളില്‍ ഓരോരുത്തരേയും ഇലക് ഷന്‍ കമ്മീഷന്‍ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.
എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. മീരാകുമാറാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. എന്‍.ഡി.എ കക്ഷികള്‍ക്കു പുറമെ, ജെ.ഡി.യു, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, എ.ഐ.ഡി.എം.കെ കക്ഷികളും കോവിന്ദിനെ പിന്തുണക്കുന്നുണ്ട്.