ദോഹ- വിദേശമൂലധന നിക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടാനുദ്ദേശിച്ച് ഖത്തര്‍ നടപ്പാക്കിയ പുതിയ നിയമഭേദഗതി ദീര്‍ഘകാല ഫലം ചെയ്യുമെന്ന് വിദഗ്ധര്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകര്‍ക്കു സ്‌പോണ്‍സര്‍ ഇല്ലാതെ രാജ്യത്തു പ്രവേശവും ദീര്‍ഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് പാസ്സാക്കിയത്.
പ്രവാസി നിക്ഷേപകര്‍ക്കു 5 വര്‍ഷത്തേക്കുള്ള താമസാനുമതി രേഖയാണു സ്‌പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്നത്. ഇക്കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വ്യാപാരത്തിനും നിക്ഷേപത്തിനും പൂര്‍ണ അവകാശവുമുണ്ടാകും. അഞ്ച് വര്‍ഷം കഴിഞ്ഞാലും ഇത് പുതുക്കി കിട്ടുന്നതിന് അവസരമുണ്ടാകും.
ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി മാറാനുള്ള ഖത്തറിന്റെ നടപടികളെ ബലപ്പെടുത്തുന്നതാണിത്. നിയമം പ്രാബല്യത്തില്‍ ആകുന്നതോടെ സാമ്പത്തിക മേഖലയില്‍ പുതുയുഗമാകുമെന്നാണ് വിദഗ്ധരുടെ പ്രതികരണം. മികച്ച ബിസിനസ്, നിക്ഷേപ അന്തരീക്ഷം ഒരുക്കി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, നിക്ഷേപകര്‍ക്കായി ഭൂമി അനുവദിക്കല്‍, യന്ത്രങ്ങളും ഉപകരണങ്ങളും സംരംഭത്തിനായി ഇറക്കുമതി ചെയ്യാനുള്ള അനുമതി, നികുതി ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണു നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.