റിയാദ്- അൽഫൈഹാ ഡിസ്ട്രിക്ടിലെ റോഡിലൂടെ എതിർ ദിശയിൽ സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനികളുടെ ജീവൻ അപകടത്തിലാക്കി എതിർ ദിശയിലൂടെ സ്‌കൂൾ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടാണ് ട്രാഫിക് പോലീസ് അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് ഡ്രൈവർക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.