ജിദ്ദ- ആക്രമണങ്ങൾ സൗദി അറാംകോയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റിയതായി സൗദി അറാംകോ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. ഇത്തരമൊരു ആക്രമണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തരണം ചെയ്യുന്നതിന് സൗദി അറാംകോയെ പോലെ സാധിക്കുന്ന മറ്റൊരു കമ്പനി ലോകത്തില്ലെന്ന് ആക്രമണങ്ങൾ തെളിയിച്ചു.
ആഗോള തലത്തിൽ ഏറ്റവുമധികം വിശ്വസിക്കാവുന്ന കമ്പനിയാണ് സൗദി അറാംകോ. ആക്രമണങ്ങളെ തുടർന്ന് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങളിലുണ്ടായ അഗ്നിബാധ ഏഴു മണിക്കൂറിനകം പാടെ അണക്കുന്നതിന് സാധിച്ചു. ആക്രമണത്തിൽ നേരിട്ട നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോഴും എടുത്തു വരികയാണ്.
ഉപയോക്താക്കൾക്കുള്ള എണ്ണ വിതരണത്തിൽ തടസ്സം നേരിടാതിരിക്കുന്നതിന് കരുതൽ ശേഖരത്തിൽ നിന്ന് പിൻവലിച്ച എണ്ണ ഈ മാസാവസാനത്തോടെ തിരികെ നിക്ഷേപിക്കും. നിലവിൽ പ്രതിദിനം 20 ലക്ഷം ബാരൽ തോതിൽ എണ്ണ ബഖീഖ് എണ്ണപ്പാടത്ത് ഉൽപാദിപ്പിക്കുന്നുണ്ട്.
ആക്രമണം നടന്ന് 24 മണിക്കൂറികം പ്രതിദിനം 3,20,000 ബാരൽ തോതിൽ ഖുറൈസ് പ്ലാന്റിൽ ഉൽപാദനം പുനരാരംഭിച്ചു. ആക്രമണത്തോടെ പ്രവർത്തനം നിലച്ച് മൂന്നു ദിവസത്തിനു ശേഷം ബഖീഖ് പ്ലാന്റിൽ പ്രതിദിനം 20 ലക്ഷം ബാരൽ തോതിൽ ഉൽപാദനം പുനരാരംഭിക്കുന്നതിന് കഴിഞ്ഞു. ആക്രമണങ്ങൾ മൂലം ഉപയോക്താക്കൾക്കുള്ള എണ്ണ ലോഡ് കൈമാറ്റം റദ്ദാക്കുകയോ ഇതിന് കാലതാമസം നേരിടുകയോ ചെയ്തിട്ടില്ല. ഗൾഫ് യുദ്ധങ്ങൾ അടക്കം ഏതു കടുത്ത സാഹചര്യങ്ങളിലും ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് സൗദി അറാംകോക്ക് മുൻകാലത്ത് സാധിച്ചിട്ടുണ്ടെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.
ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരികൾ വിൽക്കുന്നതിനുള്ള സൗദി അറാംകോയുടെ ഒരുക്കത്തെ ആക്രമണങ്ങൾ ബാധിക്കില്ലെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ യാസിർ അൽറുമയ്യാൻ പറഞ്ഞു. അടുത്ത പന്ത്രണ്ടു മാസത്തിനിടെ ഏതു സമയത്തും കമ്പനി ഐ.പി.ഒ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ശനിയാഴ്ചയുണ്ടായ ആക്രമണങ്ങൾക്കു ശേഷം എണ്ണയുൽപാദനം പുനരാരംഭിച്ചെന്ന സൗദി അറാംകോ പ്രഖ്യാപനം ഏതു പ്രതിസന്ധിയും വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള സൗദി അറാംകോയുടെ ശേഷിയാണ് സ്ഥിരീകരിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. എണ്ണയുൽപാദനം പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ച സൗദി അറാംകോയെ താൻ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.