കോഴിക്കോട് - ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
മുമ്പ് ഉണ്ടായിരുന്ന പല അസുഖങ്ങൾ മൂർഛിക്കുകയും ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അനിയന്ത്രിതമായി തുടരുന്ന വിവിധ രോഗങ്ങൾ മൂലം ശരീരഭാരം വളരെ കുറഞ്ഞു 44 കിലോയിലെത്തി നിൽക്കുകയാണ്. ശരീരത്തിൽ അസഹ്യമായ രീതിയിൽ തണുപ്പും വിറയലും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം വിചാരണ നടപടിക്രമങ്ങൾക്കിടയിൽ അസുഖം മൂർഛിച്ചതിനെ തുടർന്ന് സൗഖ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിചാരണ നടപടിക്രമങ്ങൾ അനന്തമായി നീളുന്നതുമൂലം വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങൾ പലപ്പോഴും തടസ്സപ്പെടുന്നു. നേരത്തെ മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച വേളയിൽ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കാമെന്ന് കർണാടക സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ വിചാരണ പൂർത്തിയാക്കണമെന്ന് ബംഗളൂരു ഹൈക്കോടതി നിർദേശിച്ച സമയപരിധിയും കഴിഞ്ഞു. മഅ്ദനിയോട് കർണാടകത്തിലെ വിവിധ സർക്കാരുകൾ ക്രൂരമായാണ് പെരുമാറുന്നത്. മഅ്ദനിയുമായി ബന്ധപ്പെട്ട കേസുകളിൽ നിരവധി തവണ കോടതികളിൽ നിന്ന് കർണാടകത്തിലെ സർക്കാറുകൾക്ക് വിമർശനം എറ്റുവാങ്ങേണ്ടിവന്നിട്ടും ഈ സ്ഥിതി തുടരുകയാണ്. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.