Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 25 ശതമാനം ഫീസ് വര്‍ധന

ജിദ്ദ- ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചു. 25 ശതമാനത്തോളമാണ് വര്‍ധന. സെപ്റ്റംബര്‍ 18നാണ്് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും ഈ മാസം ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നതായി അറിയിപ്പില്‍ പറയുന്നു.
എല്‍.കെ.ജി മുതല്‍ അഞ്ച് വരെയുള്ള ക്ലാസ് ഫീസില്‍ 60.43 റിയാല്‍ അധികം നല്‍കണം. ആറാം ക്ലാസ് മുതല്‍ എട്ടു വരെ 65.43 റിയാലും ഒമ്പത് മുതല്‍ 12 ാം ക്ലാസ് വരെ 70.43 റിയാലുമാണ് വര്‍ധന.
നിലവില്‍ കെ.ജി വിഭാഗത്തിന് വാറ്റ് ഉള്‍പ്പെടെ 252 റിയാലാണ് ഫീസ്. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ് ഫീസ് വാറ്റ് ഉള്‍പ്പെടെ 278.25 റിയാലും 6-8 ക്ലാസിന് വാറ്റ് ഉള്‍പ്പെടെ 315 റിയാലും 9-10 ക്ലാസിന് ലാബ് ഫീസ് ഉള്‍പ്പെടെ 351.75 റിലായുമാണ് ഫീസ്. 11-12 ക്ലാസുകാര്‍ക്ക് ലാബ് ഫീസ് കൂടാതെ 340 റിയാലാണ് നിലവിലെ ഫീസ്. ഇതിനു പുറമെയാണ് ബസ് ഫീ. അത് ഒന്നു മുതല്‍ നാല് സോണ്‍ വരെ 120 റിയാല്‍ മുതല്‍ 155 റിയാലും മക്ക സോണിന് 230 റിയാലുമാണ് ഫീസ്.
നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധനയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ പറയുന്നു. ഈ  അധ്യയ വര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ ഫീസ് വര്‍ധനക്ക് സ്‌കൂള്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് നീട്ടിവെക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.  വളരെ കുറഞ്ഞ ഫീസ് വാങ്ങുന്നത് ഇന്ത്യന്‍ സ്‌കൂളില്‍ മാത്രമാണെന്നും മുന്നോട്ടുള്ള പ്രയാണത്തിന് വര്‍ധന അനിവാര്യമായതിനാലാണ് വര്‍ധന സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
നാലു വര്‍ഷത്തിനിടെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചില്ലെങ്കിലും പ്രവേശന ഫീസ് ഇനത്തിലും ബില്‍ഡിംഗ് വികസന ഫണ്ട് ഇനത്തിലുമെല്ലാം വിവിധ രീതിയിലുള്ള വര്‍ധന പലതവണ വരുത്തിയിരുന്നു. ഇതുവഴി സ്‌കൂളിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും സാധിച്ചിരുന്നു. നടപ്പു അധ്യന വര്‍ഷം സ്‌കൂളില്‍ നൂറുകണക്കിനു കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്.

 

 

Latest News