Sorry, you need to enable JavaScript to visit this website.

പൊതുമാപ്പിൽ മടങ്ങിയ 12,000 പേർ പുതിയ വിസയിൽ തിരിച്ചെത്തി  

റിയാദ് - പൊതുമാപ്പ് പ്രയോജനപ്പെടുത്തി സൗദി അറേബ്യ വിട്ട 12,000 ലേറെ പേർ പുതിയ വിസകളിൽ രാജ്യത്ത് തിരിച്ചെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കൂട്ടത്തിൽ സ്വദേശങ്ങളിലേക്ക് മടങ്ങി ഒരാഴ്ചക്കകം പുതിയ വിസകളിൽ വീണ്ടും സൗദിയിലെത്തിയവരുമുണ്ട്.
പിഴയും പ്രവേശന വിലക്കും മറ്റു ശിക്ഷകളും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകർക്ക് അവസരം നൽകിയ പൊതുമാപ്പ് മാർച്ച് 29 നാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ 5,72,488 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
ആദ്യം 90 ദിവസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ശവ്വാൽ ഒന്നു മുതൽ ഇത് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കാത്തവർ എത്രയും വേഗം പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിച്ച് എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കണം. നിയമ ലംഘകരെ സ്വീകരിക്കുന്നതിന് എല്ലാ പ്രവിശ്യകളിലുമായി 50 ലേറെ കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനൽ എക്‌സിറ്റ് നേടിയ ശേഷം നിശ്ചിത സമയത്തിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്തവർ വീണ്ടും നിയമ ലംഘകരായി മാറും. ഇവർക്കെതിരെ പിഴകളും ഫീസുകളും തടവും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 
മൂന്നര മാസത്തിനിടെ മദീനയിൽ 38,924 ഇഖാമ, തൊഴിൽ നിയമ ലംഘകർ ഫൈനൽ എക്‌സിറ്റ് നേടിയതായി മദീന പ്രവിശ്യ ജവാസാത്ത് മേധാവി മേജർ ജനറൽ ഖാലിദ് അൽഹുവൈശ് അറിയിച്ചു. 
മദീന പ്രവിശ്യയിൽ മദീന വിദേശി നിരീക്ഷണ വകുപ്പിലും മദീന എയർപോർട്ടിലും യാമ്പു വിമാനത്താവളത്തിലും യാമ്പു തുറമുഖത്തുമാണ് നിയമ ലംഘകരുടെ നടപടികൾ പൂർത്തിയാക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ശ്രമിച്ച 41 കുറ്റവാളികളെയും പൊതുമാപ്പ് കാലത്ത് സുരക്ഷാ വകുപ്പുകൾ കണ്ടെത്തിയതായി ജവാസാത്ത് മേധാവി പറഞ്ഞു. 
 

Latest News