ദുബായ്- ഷോപ്പിംഗ് മാളില്‍നിന്ന് പോലീസ് കണ്ടെത്തിയ അഞ്ചു വയസ്സുകാരനെത്തേടി പത്തു ദിവസമായിട്ടും ആരുമെത്തിയില്ല. രക്ഷിതാക്കളെ കണ്ടെത്താന്‍ പൊതുസമൂഹത്തിന്റെ സഹായം പോലീസ് തേടിയിരുന്നുവെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. ഇന്ത്യക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്.
കുഞ്ഞിന്റെ രക്ഷിതാക്കള്‍ മനഃപൂര്‍വ്വം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. മാതാപിതാക്കളുടെ പേരു കുട്ടിക്ക് പറയാന്‍ കഴിയാത്തത് ദുരൂഹമാണെന്ന് പോലീസ് പറയുന്നു. അച്ഛന്റെ പേരു ചോദിക്കുമ്പോള്‍ സൂപ്പര്‍മാന്‍ എന്നാണ് കുട്ടി പറയുന്നത്.
സെപ്റ്റംബര്‍ ഏഴിനാണ് ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീന്‍ സ്വദേശി കണ്ടെത്തി അല്‍ മുറഖബ പോലീസില്‍ ഏല്‍പ്പിക്കുന്നത്. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കള്‍ പൊലീസുമായി ബന്ധപ്പെടാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അല്‍ മുറഖബ പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അഹ്മദ് അബ്ദുല്ല പറഞ്ഞു.