കോഴിക്കോട് - പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെ സംസ്ഥാന സർക്കാരിന് ഓർമ വന്നത് വിള്ളലുണ്ടായപ്പോൾ മാത്രമാണെന്ന് കെ.മുരളീധരൻ എം.പി. അതുവരെ പാലം തങ്ങളുടേതാണെന്നായിരുന്നു അവരുടെ വാദം. എങ്കിലും ഏതന്വേഷണത്തിനും തങ്ങൾ തയാറാണെന്നും കെ.മുരളീധരൻ പറഞ്ഞു.
കരിപ്പൂർ എയർപോർട്ട് അവഗണനക്കെതിരെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.
പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസിൽ നിന്നല്ല. അതുകൊണ്ട് ധാർമികത പറഞ്ഞ് നടക്കുന്നവർ ഒന്നര വർഷം കഴിയുമ്പോഴും ഇതു തന്നെ പറഞ്ഞ് കൊണ്ടിരിക്കണം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് അക്വിസിഷൻ നടപടി ഉടൻ പൂർത്തിയാക്കണം. എന്താണ് അത് പൂർത്തിയാക്കുന്നതിലെ തടസ്സം എന്നറിയില്ല. ഇങ്ങനെ പോയാൽ കരിപ്പൂർ വിമാനത്താവളം നഷ്ടപ്പെടും.
വിമാനത്താവളത്തെ ഞെക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് പിന്മാറണം. സ്ഥലം ഏറ്റെടുത്താൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കേന്ദ്രമന്ത്രി അടക്കം വ്യക്തമാക്കിയത്. അതുകൊണ്ട് വലിയ പ്രതിഷേധ പരിപാടികൾക്ക് ഇടം കൊടുക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നും മുരളീധരൻ പറഞ്ഞു