Sorry, you need to enable JavaScript to visit this website.

അനാഥാലയങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ നീക്കമെന്ന് എം.കെ. മുനീർ

കോഴിക്കോട് - ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ കേന്ദ്ര സർക്കാർ ചട്ടത്തിന്റെ മറപിടിച്ച് കേരളത്തിലെ അനാഥാലയങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് തകർക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമം പ്രതിഷേധാർഹമാണെന്നും അൽപമെങ്കിലും സാമൂഹ്യ നീതിബോധമുണ്ടെങ്കിൽ വീണ്ടുവിചാരം നടത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ ആവശ്യപ്പെട്ടു.
കേരളത്തിൽ അപ്രായോഗികമാണെന്ന് പരാതി ഉയർന്ന ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ ചട്ടം അപ്പടി നടപ്പാക്കുന്നതാണ് സംസ്ഥാന സർക്കാർ ഇപ്പോൾ രൂപം നൽകിയ ചട്ടങ്ങൾ. ബാലനീതി നിയമത്തിലെയും കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച മോഡൽ റൂൾസിന്റെയും പഴുതിൽ അനാഥാലയങ്ങളുടെ നിയന്ത്രണവും മാനേജ്‌മെന്റ് അധികാരവും കൈയടക്കാനാണ് സർക്കാർ ശ്രമം.
പതിറ്റാണ്ടുകളായി തുടരുന്ന അനാഥാലയങ്ങൾക്ക് അനുകൂലമായ നിലവിലുള്ള നിയമങ്ങളെ അപ്രസക്തമാക്കിയും സുപ്രീം കോടതി നിർദേശങ്ങൾ പോലും കാറ്റിൽ പറത്തിയും സംസ്ഥാന സർക്കാർ രൂപം നൽകിയ ചട്ടം അനാഥ ബാല്യങ്ങളുടെ സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തും. 
ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ സംസ്ഥാന ചട്ടം രൂപീകരിക്കുന്നതിനു ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച കൺസൾട്ടേറ്റീവ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് അനാഥാലയങ്ങളെ തകർക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഗൂഢശ്രമം. 
1960 ലെ കേന്ദ്ര നിയമമായ ഓർഫനേജ് ആക്ടിന് കീഴിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന അനാഥാലയങ്ങളെ പ്രത്യേകം വിഭാഗമായി പരിഗണിക്കണമെന്ന സുപ്രീം കോടതി പോലും മുഖവിലക്കെടുത്ത മത സംഘടനകളുടെ ആവശ്യം പൂർണമായും തള്ളിയാണ് സർക്കാർ വെല്ലുവിളിക്കുന്നത്.
ബാലനീതി നിയമത്തിന് കേരള റൂൾസ് ഉണ്ടാക്കുമ്പോൾ അനാഥാലയങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ടവരെ കേട്ട് നിയമം ഉണ്ടാക്കുന്നതാണ് ഉചിതമെന്നും സുപ്രീം കോടതി പോലും നിരീക്ഷിച്ചിരുന്നു.
കേന്ദ്ര ചട്ടം വന്നതോടെ അനാഥാലയങ്ങൾ നടത്തുന്ന വിവിധ മതസാമൂഹ്യ സംഘടനകളുടെയും വ്യക്തികളുടെയും ആശങ്കകൾ പരിഗണിച്ച് 2016 മാർച്ച് 30 ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന തന്റെ അധ്യക്ഷതയിൽ 2016 ഏപ്രിൽ 15 ന് ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ സംസ്ഥാന ചട്ടം രൂപീകരിക്കുന്നതിനു ശുപാർശ സമർപ്പിക്കാൻ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ചതും 2016 ഏപ്രിൽ 15 ന് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചതും.
സാമൂഹ്യ നീതി ഡയറക്ടർ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ ജലീൽ, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ, വീ കെയർ സെന്ററിലെ ഫാ.റോയി മാത്യു വടക്കേതിൽ, സ്വാമി ആകമാനന്ദ ബാലസദനത്തിലെ ആർ.സജീവൻ, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയസ്, സ്‌നേഹവീടിന്റെ ഫാ ജോർജ് ജോഷ്വാ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. പി അബൂസിദ്ദീഖ്, പി.സി ഇബ്രാഹീം മാസ്റ്റർ, മുഹമ്മദലി ആതവനാട്, വി.എൻ ജിതേന്ദ്ര ഐ.എ.എസ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെംബർ സെക്രട്ടറി കെ.കെ മണി, ഫാ. മാത്യു കെ ജോൺ, ബാലകൃഷ്ണൻ നല്ലോട്, അഡ്വ.എ മുഹമ്മദ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫാ. ബിജോ തോമസ് കറുകപ്പള്ളി എന്നീ 16 പേരാണ് കമ്മിറ്റിയിലുള്ളത്.
ഈ മേഖലയെ കുറിച്ച് സമഗ്രമായി അറിയുന്നവരും യോഗ്യരുമായ ഇത്തരമൊരു സർക്കാർ സമിതിയെ പാടെ അവഗണിച്ച് അനാഥാലയ സംവിധാനങ്ങളുടെ കടക്കൽ കത്തിവെക്കുന്നത് അടിസ്ഥാന വിഭാഗത്തെ പിന്നോട്ടു നടത്തുന്നതും സാമൂഹ്യ നീതി നിഷേധിക്കുന്നതുമാണ്. വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളെയും വഖഫ് സ്ഥാപനങ്ങളെയും തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ബാലനീതി നിയമത്തിന്റെ പേരിൽ അനാഥ ബാല്യങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ചട്ടം രൂപീകരിച്ചത് ദുഷ്ട ലാക്കോടെയാണെന്നും അത് തിരുത്തണമെന്നും എം.കെ മുനീർ പറഞ്ഞു.

 

Latest News