ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമാണ് മുംബൈയിലെ ധാരാവി. ഇവിടുത്തെ 2.17 ചതുരശ്ര കിലോമീറ്ററിനുള്ളിൽ മാത്രം താമസിക്കുന്നത് പത്ത് ലക്ഷത്തിൽപരം ജനങ്ങളാണ്. ഏറെ ദുഃഖകരമായ ഈ കാരണം കൊണ്ടാണ് ധാരാവി വാർത്തകളിൽ ഇടം പിടിക്കുന്നത്. വിദേശത്ത് നിന്നും എത്തുന്ന വിനോദസഞ്ചാരികൾ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ധാരാവി. ട്രാവലേഴ്‌സ് ചോയ്‌സ് എക്‌സ്പീരിയൻസസിന്റെ ഇന്ത്യൻ പട്ടികയിലാണ് ഈ 'പദവി' ധാരാവിക്ക് ലഭിച്ചിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ ദാരിദ്ര്യത്തേയും, പട്ടിണിയേയും വൃത്തിയില്ലായ്മയേയും ടൂറിസത്തിനുള്ള സാധ്യതയായി കാണുകയാണ് ഈ പട്ടിക തയാറാക്കിയവർ. 'ട്രിപ്പ് അഡൈ്വസർ' ഉൾപ്പെടെയുള്ള യാത്ര വെബ്‌സൈറ്റുകളിൽ വൻ പ്രചാരമാണ് ഈ പട്ടികയ്ക്ക് ലഭിക്കുന്നത്.
'അപര' ദേശങ്ങളും സ്ഥലങ്ങളും സന്ദർശിക്കാനും അവിടത്തെ ജനങ്ങളുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് 'ആളാകാനു'മുള്ള വിദേശികളുടെ ത്വരയെ ചൂഷണം ചെയ്യാൻ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഈ പട്ടിക തയാറാക്കപ്പെട്ടിരിക്കുന്നത്.
'സ്ലം ടൂറിസം' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത നോക്കിയാൽ ലഭിക്കുന്ന റിസൾട്ടുകളിലെ ഫോട്ടോകൾ തപ്പിപ്പോയാൽ, വയറൊട്ടിയ, പാവപ്പെട്ട, വൃത്തിഹീനമായ പരിസരങ്ങളിൽ നിൽക്കുന്ന കുട്ടികൾക്കൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന പാശ്ചാത്യരെയാണ് കാണാൻ സാധിക്കുക.
സാമ്പത്തിക ശേഷിയുള്ള, സുഖസൗകര്യങ്ങൾക്ക് നടുവിൽ ജീവിക്കുന്ന ആളുകളാണ് ഇങ്ങനെ കഷ്ടപ്പാടിൽ ഉഴലുന്ന ഈ മനുഷ്യരെ വെറും കാഴ്ചവസ്തുക്കൾ മാത്രം ആക്കുന്നത്. 2008ൽ 'സ്ലംഡോഗ് മില്യണെയർ' എന്ന ഹോളിവുഡ് ചിത്രം റിലീസായതിന് ശേഷമാണ് 'സ്ലം ടൂറിസ'ത്തിന് ഇത്രയും പ്രചാരം ലഭിച്ചതെന്ന് കരുതപ്പെടുന്നു. അമേരിക്കയിലും ലോകത്താകമാനമുള്ള ജനങ്ങൾക്കും മുൻപിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങളെ മോശമായി കാണിക്കുകയാണ് ചിത്രം ചെയ്തതെന്ന് അന്നു തന്നെ വിമർശനം ഉയർന്നിരുന്നു.
ഓരോ വർഷവും 15,000 വിദേശീയരാണ് ഈ ചേരികൾ സന്ദർശിക്കാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ഇവർ ഈ ചേരികളിലെത്തി 'നല്ല യാത്രാനുഭവത്തിനായി' ഇവിടുത്തെ ജനങ്ങളോടൊപ്പം താമസിക്കുകയും ചെയ്യാറുണ്ട്. കാഴ്ചബംഗഌവിലെ മൃഗങ്ങൾക്ക് തുല്യരായാണ് ഇവിടുത്തെ ജനങ്ങളെ വിദേശീയർക്കായി ടൂർ ഓപ്പറേറ്റർമാർ പ്രദർശിപ്പിക്കുന്നത്.
ഇതിന് ഇവർക്ക് നല്ല പ്രതിഫലവും ലഭിക്കും. എന്നാൽ ഈ സന്ദർശകർ പോയശേഷം ഇവിടുത്തെ ജനങ്ങൾക്ക് തങ്ങളുടെ കഷ്ടപ്പാടിലേക്ക് മടങ്ങി പോവുകയേ വഴിയുള്ളൂ. ഈ ഹീനമായ കച്ചവടത്തെ 'കമ്മ്യൂണിറ്റി ടൂറിസം' എന്ന പേര് നൽകി സാധാരണവത്കരിക്കാനാണ് ഇവിടുത്തെ അധികാരികളും താൽപ്പര്യപ്പെടുന്നത്. ഇവർക്കും ഇതിൽ നിന്നും ലാഭം ലഭിക്കുന്നുണ്ടാകാം.