എരഞ്ഞിപ്പാലം ജങ്ക്ഷനിലൂടെ നടന്നു പോകുമ്പോൾ എന്തോ ശരീരത്തിൽ വന്നിടിച്ചതേ ഓർമ്മയുള്ളൂ. ചീറിപ്പാഞ്ഞുവന്ന ഒരു ബസ്സായിരുന്നു അതെന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു. ബോധം വന്നപ്പോൾ ആശുപത്രിക്കിടക്കയിലാണ്. കാഴ്ചക്ക് ആകെ ഒരു മങ്ങൽ . ശരീരമാസകലം കൊത്തിപ്പറിക്കുന്ന വേദന. ആരൊക്കെയോ ചുറ്റും കൂടി നിന്ന് പരസ്പരം സംസാരിക്കുന്ന ശബ്ദം മാത്രം കേൾക്കാം. ഇടയ്ക്ക് അവരിൽ ഒരാൾ തലതാഴ്ത്തി കാതിൽ ചോദിച്ചു: ``നിങ്ങൾ ഏതു നാട്ടുകാരനാ ? ഏതെങ്കിലും ബന്ധുവിന്റെ പേര് ഓർമ്മയുണ്ടോ?''
ഒന്നും ഓർമ്മ വരുന്നുണ്ടായിരുന്നില്ല കുഞ്ഞിമൂസയ്ക്ക്. മനസ്സ് നിറയെ ശൂന്യത മാത്രം. ചുറ്റും ചിതറിവീണുകിടന്ന ഓർമ്മത്തുണ്ടുകൾ പെറുക്കിയെടുത്തു കൂട്ടിവെക്കാൻ പറ്റാതെ കുറെ നേരം വെറുതെ മുകളിലേക്ക് നോക്കിക്കിടന്നപ്പോൾ ഒരു രൂപം മനസ്സിൽ തെളിഞ്ഞുവന്നു . എണ്ണമയമുള്ള തലമുടി കൈകൊണ്ടു മാടിയൊതുക്കി ഉറച്ച കാൽവെപ്പുകളോടെ ദൂരെ നിന്ന് നടന്നു വരുന്ന ഒരാൾ. കസവു മുണ്ടും കൈകൾ മുകളിലേക്ക് തെറുത്തുവച്ച തൂവെള്ള ജൂബയും വേഷം. മുഖത്ത് മായാത്ത പുഞ്ചിരി . ഒരു നിമിഷം കുഞ്ഞിമൂസയുടെ മനസ്സ് പഴയൊരീണം മൂളി. ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു -- രാഘവൻ മാഷ്. ``എന്ത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ പേര് അപ്പോൾ പറഞ്ഞത് എന്നെനിക്കറിയില്ല. മറ്റാരുടെയും പേര് ഓർമ്മ വന്നില്ല എന്നതാണ് സത്യം--- സ്വന്തം മക്കളുടെ പോലും. ആ പേരിന്റെ ഉടമ എത്രത്തോളം എന്റെ ജീവിതത്തെ, എന്റെ ശ്വാസോഛ്വാസത്തെ പോലും സ്വാധീനിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്.'' കുഞ്ഞിമൂസ പറഞ്ഞു.
ആശുപത്രിക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ അവശനായി കിടക്കുന്ന ചുമട്ടു തൊഴിലാളിയുടെ ചുണ്ടുകൾ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ പേര് ഉരുവിട്ടപ്പോൾ അത്ഭുതം തോന്നിയിരിക്കണം ചുറ്റും കൂടിനിന്നവർക്ക് . ഉടനടി രാഘവൻ മാഷെ തേടി ആകാശവാണി നിലയത്തിലേക്ക് ആളു പോയി. അധികം കാത്തിരിക്കേണ്ടി വന്നില്ല. ബീച്ചാശുപത്രിയിൽ കുഞ്ഞിമൂസയുടെ കിടക്കയ്ക്ക് അരികെ മാസ്റ്റർ എത്തി. ഒപ്പം അക്കിത്തവും തിക്കോടിയനും കക്കാടും ഉൾപ്പെടെ ആകാശവാണിക്കാരുടെ ഒരു വൻ സംഘവും. കട്ടിലിന്റെ തലയ്ക്കലിരുന്നു തന്നെ സാവധാനം തലോടിയ മാസ്റ്ററുടെ ബലിഷ്ടമായ കൈകൾ കുഞ്ഞിമൂസ മുറുക്കെ പിടിച്ചു. ``ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ആ തലോടലാണ്. അതുവരെ മരണം ഉറപ്പിച്ചു കിടക്കുകയായിരുന്നു ഞാൻ. മാസ്റ്ററുടെ സാമീപ്യം, വിദൂരതയിൽ നിന്ന് ഫോണിലൂടെ വരുന്ന ആ ശബ്ദം പോലും പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സുരക്ഷിതത്വ ബോധം എന്നും എനിക്ക് നല്കിയിരുന്നു. ഇനി അത് ഉണ്ടാവില്ല എന്നോർക്കുമ്പോൾ....'' കുഞ്ഞിമൂസ നിശബ്ദനാകുന്നു.
കുഞ്ഞിമൂസയെ പുതിയ തലമുറ അറിയുക ഒരു പക്ഷേ താജുദ്ദീൻ വടകര എന്ന ഗായകന്റെ പിതാവായിട്ടാകും-- ``നെഞ്ചിനുള്ളിൽ നീയാണ്, കണ്ണിൻ മുന്നിൽ നീയാണ്, കണ്ണടച്ചാൽ നീയാണ് ഫാത്തിമ'' എന്ന ഒരൊറ്റ പാട്ടിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ പാട്ടുകാരന്റെ. പരിഭവമൊന്നുമില്ല കുഞ്ഞിമൂസയ്ക്ക്; മകന്റെ നേട്ടത്തിൽ അഭിമാനം മാത്രം. ``ഓരോ പാട്ടുകാർക്കും ഓരോ കാലമുണ്ട്. അപൂർവ്വം ചിലർ മാത്രം ആ കാലത്തിന് അപ്പുറത്തേക്കു വളരുന്നു. മറ്റുള്ളവർ മറവിയുടെ തിരശീലക്കപ്പുറത്തു മറയുന്നു. എന്നെ മറന്നവർ പോലും എന്റെ പാട്ടുകൾ ഓർമയിൽ സൂക്ഷിക്കുന്നു എന്നറിയുമ്പോൾ സന്തോഷം തോന്നും. ആ പാട്ടുകൾ പലതും എന്റേത് മാത്രമായിരുന്നില്ലല്ലോ. പി ടി അബ്ദുറഹ്മാനെയും രാഘവൻ മാഷെയും പോലുള്ള അപൂർവ പ്രതിഭകൾക്ക് കൂടി അവകാശപ്പെട്ടതാണവ.'' ഓർമയിൽ നിന്ന് കരിനീല രജനിതൻ എന്ന പാട്ടിന്റെ പല്ലവി എനിക്ക് മൂളിത്തരുന്നു കുഞ്ഞിമൂസ. ``എത്ര വർഷമായി ഈ പാട്ടൊന്നു പാടിയിട്ട്. ഞാൻ പോലും മറന്നു പോയിരുന്നു. രാഘവൻ മാഷിന്റെ ട്യൂണ്‍ ആണ്. ആരെഴുതിയെന്ന് ഓർമ്മയില്ല. വയസ്സ് എണ്‍പത്തഞ്ചായില്ലേ?'' ഒരു നിമിഷത്തെ മൌനം. പിന്നെ മൃദുവായ ഒരു പുഞ്ചിരി. ``നിങ്ങളുടെ പ്രായക്കാർ ഈ പഴംപാട്ടുകളൊക്കെ ഓർത്തിരിക്കുന്നു എന്നത് തന്നെ വലിയ കാര്യം. ആർക്കുണ്ട് ഇതൊക്കെ ശ്രദ്ധിക്കാൻ സമയം?''
പാട്ടിലേക്ക് വഴിതെറ്റി വന്നതല്ല കുഞ്ഞിമൂസ. ഉമ്മയും ഉമ്മയുടെ സഹോദരിമാരും നന്നായി പാടിയിരുന്നു. തലശേരിയിലെ മാപ്പിളപ്പാട്ട് വേദികളിൽ സജീവ സാന്നിധ്യമായിരുന്നു അവർ പലരും. പെണ്‍കുട്ടികൾ പ്രണയഗാനങ്ങൾ പൊതുവേദികളിൽ പാടുന്നത് പ്രോൽസാഹിപ്പിക്കപ്പെട്ടിരുന്നില്ലാത്ത കാലമാണെന്നോർക്കണം. കുഞ്ഞിമൂസയുടെ ബാപ്പ അബ്ദുള്ളയെ ``ഗാന്ധി അബ്ദുള്ള'' എന്ന് പറഞ്ഞാലേ നാട്ടുകാർ അറിയൂ. സ്വാതന്ത്ര്യ സമരത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും എല്ലാം ഊർജസ്വലതയോടെ പ്രവർത്തിച്ചയാൾ. മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നു വീട്ടിൽ. കപ്പലിൽ നിന്ന് സേട്ടുമാർക്ക് വേണ്ടി അരിച്ചാക്ക് ഇറക്കുന്നതിന്റെ ചുമതലയായിരുന്നു ബാപ്പയ്ക്ക്. മൂന്നു മക്കളും പഠിച്ചു നല്ല ഉദ്യോഗം നേടണം എന്നാഗ്രഹിച്ചു അദ്ദേഹം. അല്ലലും അലട്ടും അറിയാതെ കടന്നുപോയ ബാല്യമായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം എന്നു പറയും കുഞ്ഞിമൂസ. പിന്നെയെപ്പോഴോ നിനച്ചിരിക്കാതെ ആ കാലത്തിന് തിരശ്ശീല വീഴുന്നു-- മധുരോദാരമായ ഒരു ഗാനം ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോയപോലത്തെ അനുഭവം. വിധി അകാലത്തിൽ ബാപ്പയെ തട്ടിയെടുക്കുകയായിരുന്നു. അബ്ദുള്ള മരിക്കുമ്പോൾ മൂത്ത മകൻ കുഞ്ഞിമൂസയ്ക്ക് പ്രായം പത്തു വയസ്സ്.
പറക്കമുറ്റാത്ത മക്കളെ പാട്ടു പാടി ഒറ്റയ്ക്ക് വളർത്തിക്കൊണ്ടു വരാവുന്ന അവസ്ഥയിലായിരുന്നില്ല കുഞ്ഞിമൂസയുടെ ഉമ്മ. ബന്ധുക്കളും കൈവിട്ടതോടെ ജീവിതം ശരിക്കും വഴിമുട്ടി. കുടുംബത്തിന്റെ പട്ടിണിയകറ്റാൻ എന്തെങ്കിലും ജോലി ചെയ്തേ പറ്റൂ എന്ന സ്ഥിതിയെത്തി. അങ്ങനെയാണ് പതിനാലാം വയസ്സിൽ കുഞ്ഞിമൂസ ചുമടെടുത്തു തുടങ്ങുന്നത്. ``ഇഷ്ടമുണ്ടായിട്ടല്ല. വേറെ വരുമാന മാർഗ്ഗം ഒന്നുമുണ്ടായിരുന്നില്ല. ആദ്യമാദ്യം വലിയ ചാക്കുകൾ തലയിൽ കയറ്റിവെക്കാൻ പ്രയാസമായിരുന്നു. പിന്നെ അത് ശീലമായി. അരിച്ചാക്കും പഞ്ചസാരച്ചാക്കും കുരുമുളക് ചാക്കുമൊക്കെ കിലോമീറ്ററുകളോളം തലയിലേറ്റി നടക്കാൻ പഠിച്ചു. കാലമേറെ കഴിഞ്ഞപ്പോൾ ചുമട്ടു തൊഴിലാളികളുടെ `മൂപ്പനാ'യി. കുടുംബം പച്ചപിടിച്ചു തുടങ്ങിയത് അതോടെയാണ്. എന്നും ജീവിത പ്രാരാബ്ധങ്ങൾ മറക്കാൻ സഹായിച്ചത് സംഗീതമായിരുന്നു. എല്ലാ ദുഖങ്ങളും പാട്ടിൽ അലിയിച്ചു കളയാൻ പഠിച്ചു ഞാൻ.''
തലശ്ശേരിയിൽ അന്നൊരു ക്ലബ്ബുണ്ട് - ജനത സംഗീത സഭ . 1957 ൽ ആദ്യ സംസ്ഥാനമന്ത്രിസഭയിലെ അംഗമായിരുന്ന വി.ആർ .കൃഷ്ണയ്യർ ഉത്ഘാടനം ചെയ്തതാണ്. നാട്ടിലെ സംഗീത പ്രേമികളെല്ലാം വൈകുന്നേരങ്ങളിൽ അവിടെ ഒത്തുകൂടും. ക്ലബ്ബിന്റെ നേതൃത്വം ടി സി ഉമ്മർക്ക എന്ന ഹാർമോണിസ്റ്റിനായിരുന്നു. പാടാൻ കഴിവും വാസനയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നത് ഒരു ഹോബിയായിരുന്നു ഉമ്മർക്കയ്ക്ക്. താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ ഉമ്മർ കുട്ടികളെ പഠിപ്പിക്കും. മലയാളത്തിൽ സിനിമകൾ അപൂർവമായി മാത്രം പുറത്തിറങ്ങിയിരുന്ന 1950 കളുടെ തുടക്കമാണ്. സ്വാഭാവികമായും ലളിത ഗാനങ്ങൾക്കും മാപ്പിളപ്പാട്ടുകൾക്കുമായിരുന്നു ആവശ്യക്കാർ ഏറെ. ഗുരുവിന്റെ ശിക്ഷണത്തിൽ സ്റ്റേജിൽ അത്തരം പാട്ടുകൾ പാടി കുഞ്ഞിമൂസ സദസ്സിന്റെ കയ്യടി നേടിത്തുടങ്ങുന്നു . ``അന്നൊക്കെ വേദിയിൽ നിലത്തിരുന്നാണ് പാടുക. വലിയൊരു മൈക്കുണ്ടാകും മുന്നിൽ . പിന്നണിയിൽ തബലയും ഹാർമോണിയവുംനിർബന്ധം. അപൂർവമായി വയലിനും ഗിത്താറും കാണും. വയലിൻ വായിക്കാൻ സുകുമാരനേയും ഗിത്താറിന് ആർച്ചീ ഹട്ടനെയും കോഴിക്കോട് നിന്ന് പ്രത്യേകം കൊണ്ടുവരികയാണ് ചെയ്യുക.''
നീലക്കുയിൽ എന്ന സിനിമ പുറത്തിറങ്ങുന്നത് ആയിടയ്ക്കാണ്. മലയാളിയുടെ സംഗീതാസ്വാദനശീലങ്ങൾ തന്നെ മാറ്റിമറിച്ച പടം. എവിടെ ചെന്നാലും നീലക്കുയിലിലെ പാട്ടുകളെ കുറിച്ചേ കേൾക്കാനുള്ളൂ. കായലരികത്ത്, കുയിലിനെ തേടി, മാനെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങൾ കല്യാണ വീടുകളിലെ പാട്ടുകോളാമ്പികളിൽ നിന്ന് നിലയ്ക്കാതെ പ്രവഹിച്ച കാലം. തലശേരിക്കാരനായ രാഘവൻ എന്നൊരാളാണ് ആ പാട്ടുകൾക്ക് പിന്നിലെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി; ആരാധനയും. എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണണം എന്ന മോഹം ഉള്ളിൽ വളർന്നു. ഇന്നത്തെ പോലെ ടി വിയും ഇന്റർനെറ്റും ഒന്നും ഇല്ലാത്ത കാലമല്ലേ? റേഡിയോ പോലും ഒരു ആഡംബര വസ്തു. ഒരു ദിവസം മുടിവെട്ടാൻ ടൌണിലെ ബാർബർ ഷാപ്പിൽ ചെന്നപ്പോൾ അവിടെ വായിക്കാൻ ഇട്ടിരുന്ന പഴയൊരു വാരികയിലാണ് രാഘവൻ മാഷിന്റെ പടം ആദ്യം കാണുന്നത് . ആദ്യ കാഴ്ചയിൽ തന്നെ സൌമ്യമായ ആ മുഖവും വിടർന്ന ചിരിയും മനസ്സിൽ പതിഞ്ഞു.
പിന്നീട് ഏറെ കഴിഞ്ഞായിരുന്നു മാഷുമായുള്ള കുഞ്ഞിമൂസയുടെ ആദ്യ കൂടിക്കാഴ്ച. അത് രസകരമായ മറ്റൊരു അനുഭവം. തലശ്ശേരി ടൌണിൽ വാധ്യാർ പീടികയ്ക്കടുത്ത് ചുമടെടുത്തു നില്ക്കുമ്പോഴാണ് മൂന്നുനാലു പേർ ബസ് കാത്തു നില്ക്കുന്നത് കുഞ്ഞിമൂസയുടെ കണ്ണിൽ പെട്ടത്. അവരിൽ ഒരാളെ എവിടെയോ കണ്ടു മറന്ന പോലെ. അധികനേരം ആലോചിച്ചു നിൽക്കേണ്ടി വന്നില്ല. പിടികിട്ടി. ആൾ രാഘവൻ മാഷ് തന്നെ. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് മോഹിച്ച വ്യക്തി ഇതാ കണ്‍വെട്ടത്ത്. കുഞ്ഞിമൂസ പിന്നെ സംശയിച്ചുനിന്നില്ല. തലയിലെ ഗോതമ്പ് ചാക്ക് താഴെയിറക്കി വെച്ച് നേരെ മുന്നിലേക്ക് ഓടിച്ചെന്നു. ``മുടിയിലും മുഖത്തും അണിഞ്ഞിരുന്ന ബനിയനിലും മുഴുവൻ ഗോതമ്പുപൊടിയുമായി വിയർപ്പിൽ കുളിച്ചു നിന്ന എന്നെ കണ്ടു മാഷ് അന്തം വിട്ടിരിക്കണം. കൈകൂപ്പി തൊഴുതുകൊണ്ട് ഒറ്റ ശ്വാസത്തിൽ ഞാൻ സ്വയം പരിചയപ്പെടുത്തി: കുഞ്ഞിമൂസ എന്നാണു പേര്. അത്യാവശ്യം പാടും. ഇവിടത്തെ ക്ലബ്ബിലൊക്കെ പാടുന്നുണ്ട്. പക്ഷെ പാട്ട് പഠിച്ചിട്ടില്ല. ആകാശവാണിയിൽ പാടണം എന്നാണു ആഗ്രഹം. മാഷ് വിചാരിച്ചാൽ.....''
ഒരു നിമിഷം അപരിചിതന്റെ മുഖത്തു നോക്കി അമ്പരന്നു നിന്നു മാസ്റ്റർ. പിന്നെ അമ്പരപ്പ് പൊട്ടിച്ചിരിക്ക് വഴിമാറി: ``അതിനെന്താ. ഒരു ദിവസം കോഴിക്കോട് സ്റ്റേഷനിൽ വരൂ. ആദ്യം ഓഡിഷൻ ടെസ്റ്റ് പാസാകണം. എന്നാൽ റേഡിയോയിൽ പാടാം. വിദ്യാഭ്യാസ യോഗ്യതയൊന്നും പ്രശ്നമല്ല. നന്നായി പാടിയാൽ മതി.'' ലോകം പിടിച്ചടക്കിയ സന്തോഷമാണ് അപ്പോൾ തോന്നിയതെന്ന് കുഞ്ഞിമൂസ . ``എന്റെ ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു അത്. റേഡിയോയിൽ പാടുന്നതിനെ കുറിച്ചൊക്കെ എന്നെ പോലൊരാൾക്ക് ചിന്തിക്കാൻ പോലുമാവില്ല അന്ന്. ഇന്നത്തെ കാലത്ത് സിനിമയിൽ അവസരം നേടുന്നതിനേക്കാൾ ദുഷ്കരം. '' മാഷോട് യാത്ര പറഞ്ഞു തലയിൽ ചുമടുമായി തിരിച്ചു നടക്കുമ്പോൾ കഴിഞ്ഞതൊന്നും സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുകയായിരുന്നു കുഞ്ഞിമൂസ. വീട്ടിലെത്തിയ ഉടൻ ഉമ്മർക്കയുടെ സഹായത്തോടെ അപേക്ഷ പൂരിപ്പിച്ചു അയച്ചു. ശബ്ദ പരീക്ഷയ്ക്ക് ഒരു ദിവസം ആകാശവാണി നിലയത്തിൽ എത്തിച്ചേരണം എന്ന് പറഞ്ഞു മറുപടിക്കത്തും വന്നു. ഒരിക്കലും അവസാനിക്കതേ ഈ സുന്ദരമായ സ്വപ്നം എന്ന് ഈശ്വരനോട് പ്രാർഥിക്കുകയായിരുന്നു അപ്പോഴും കുഞ്ഞിമൂസ.
ആകാശവാണി ഒരു അത്ഭുത ലോകമായിരുന്നു കുഞ്ഞിമൂസയ്ക്ക്. കേട്ടറിഞ്ഞു മാത്രം പരിചയമുള്ള കലാകാരന്മാരും സാഹിത്യകാരന്മാരും തൊട്ടു മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നു പോകുന്നത് അന്തം വിട്ടു നോക്കി നിന്നു ആ പാവം ചുമട്ടുതൊഴിലാളി. ``ശബ്ദ പരീക്ഷക്ക് വന്നവരെ കണ്ടതോടെ എന്റെ ധൈര്യം ചോർന്നു എന്നതാണ് സത്യം. എല്ലാവരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവർ. ഞാൻ മാത്രമേയുള്ളൂ അക്കൂട്ടത്തിൽ പാട്ട് പഠിക്കാത്തവനായി. പോരാത്തതിന് നല്ല ജലദോഷവും ഉണ്ട്. ഏതായാലും സകല ധൈര്യവും സംഭരിച്ചു ഞാൻ പാടി.'' കണ്ണാടിച്ചില്ലിനപ്പുറത്തു നിന്ന് പാട്ട് തുടങ്ങാൻ ആംഗ്യം കാണിക്കുന്ന രാഘവൻ മാസ്റ്ററെ കണ്ടപ്പോൾ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടിയ പോലെ തോന്നിയെന്ന് കുഞ്ഞിമൂസ. പാടിത്തീർന്നപ്പോൾ മാസ്റ്റർ ഒന്നും പറഞ്ഞില്ല എന്നൊരു നിരാശ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ ദിവസം കഴിഞ്ഞു ആകാശവാണിയിൽ നിന്ന് കത്ത് വന്നു. ആകാംക്ഷയയോടെയാണ് അത് പൊട്ടിച്ചു വായിച്ചത്. അത്ഭുതം-- കുഞ്ഞിമൂസയെ ഗായകനായി അംഗീകരിച്ചിരിക്കുന്നു അവർ. ``അന്നനുഭവിച്ച ആഹ്ലാദം എത്രയെന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരാനാവില്ല എനിക്ക്. ജീവിതത്തിനു അർത്ഥമുണ്ടായി എന്ന് തോന്നിത്തുടങ്ങിയ ഘട്ടം.''
പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. രണ്ടാഴ്ചക്കകം തന്നെ ആകാശവാണിയിൽ ആദ്യത്തെ പാട്ട് റെക്കോർഡ് ചെയ്യാൻ ക്ഷണം വരുന്നു. ചെന്നപ്പോൾ രാഘവൻ മാസ്റ്റർ ഡൽഹിയിലേക്ക് പോകാനുള്ള തിരക്കിലാണ്. ചെറിയൊരു ഭയം തോന്നി അപ്പോൾ. ആദ്യമായാണ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ ചെന്ന് നില്ക്കാൻ പോകുന്നത്. പരിചയമുള്ള ഒരാളെന്ന് പറയാൻ രാഘവൻ മാഷ് മാത്രം. മാഷില്ലെങ്കിൽ ശബ്ദം പുറത്തുവന്നില്ലെങ്കിലോ? എന്റെ പരിഭ്രമം മുഖത്തു നിന്ന് വായിച്ചെടുത്തിരിക്കണം മാഷ്. കുറെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം അദ്ദേഹം എന്നെ മറ്റൊരാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ``കുഞ്ഞിമൂസ പേടിക്കേണ്ട. ഇത് എന്റെ അസിസ്റ്റന്റ് ആണ്. ചിദംബരനാഥ്. ഇദ്ദേഹമാണ് നിങ്ങളുടെ പാട്ടുകൾ റെക്കോർഡ് ചെയ്യുക. '' എന്നിട്ട് തിരിഞ്ഞ് ചിദംബരനാഥിനെ നോക്കി മാഷ് പറഞ്ഞു. ``ഇയാൾ പുതിയ ആളാണ്. ശ്രദ്ധിച്ചുകൊള്ളണം.''
തിക്കോടിയൻ എഴുതിയ ``മഞ്ഞവെയിലിൻ മയിലാട്ടം കണ്ടു'' എന്ന പാട്ടാണ് ആദ്യം പാടി റെക്കോർഡ് ചെയ്തത്. അത് കഴിഞ്ഞു നാല് പാട്ട് കൂടി. വിജയശ്രീലാളിതനെ പോലെയാണ് അന്ന് നാട്ടിൽ തിരിച്ചെത്തിയത് എന്നോർക്കുന്നു കുഞ്ഞിമൂസ. റേഡിയോ ആർട്ടിസ്റ്റ് ആയിട്ടുള്ള വരവല്ലേ? രാജകീയമായ സ്വീകരണമായിരുന്നു നാട്ടുകാരുടെ വക. പാട്ടുകൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന ദിവസത്തിനായുള്ള കാത്തിരിപ്പായി പിന്നെ. അക്ഷമമായ കാത്തിരിപ്പ്. ഒടുവിൽ ആ ദിവസവും എത്തി. അന്ന് തലശ്ശേരിയിൽ അപൂർവ്വം വീടുകളിലേ റേഡിയോ ഉള്ളൂ. എല്ലാം സമ്പന്നഭവനങ്ങൾ. അവിടങ്ങളിൽ ചെന്ന് പാട്ട് കേൾക്കുക അചിന്ത്യം. ആകെയുള്ള ആശ്രയം പാരീസ് ഹോട്ടലാണ്. അവിടെ നാട്ടുകാർക്ക് വേണ്ടി സ്ഥിരമായി പാടിക്കൊണ്ടിരുന്ന ഒരു റേഡിയോ ഉണ്ടായിരുന്നു. കൃത്യ സമയത്ത് തന്നെ കുഞ്ഞിമൂസയും കൂട്ടുകാരും ഹോട്ടലിനു മുന്നിൽ ഹാജർ. `അടുത്ത ഗാനം പാടിയത് എം കുഞ്ഞിമൂസ' എന്ന് റേഡിയോയിലൂടെ കേട്ടപ്പോൾ ഉണ്ടായ കോരിത്തരിപ്പ് ഇന്നും മറന്നിട്ടില്ല അദ്ദേഹം; ചുറ്റും ഉയർന്ന ആരവവും.
ചുമട്ടു തൊഴിലാളിയായ കുഞ്ഞിമൂസ റേഡിയോ സ്റ്റാർ കുഞ്ഞിമൂസയായി അറിയപ്പെട്ടു തുടങ്ങിയത് അന്നുമുതലാണ് .
--രവിമേനോൻ (പാട്ടെഴുത്ത്)