Sorry, you need to enable JavaScript to visit this website.

മാപ്പിളപ്പാട്ട് ഗായകൻ എം. കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്- സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ വടകര എം കുഞ്ഞിമൂസ (90) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 'കതിർ കത്തും റസൂലിന്റെ', 'യാ ഇലാഹീ', തുടങ്ങിയ പ്രശസ്തഗാനങ്ങൾ കുഞ്ഞിമൂസയുടേതാണ്. ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വടകരയിൽ  വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മകനാണ്.

ജീവിതസാഹചര്യങ്ങൾ മൂലം ഏഴാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളർത്തിയെടുത്തതിൽ നിർണായക പങ്കുവഹിച്ചത് കെ രാഘവൻ മാസ്റ്ററാണ്.അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയൻ, ശ്രീധരനുണ്ണി, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെ രചനകൾക്ക് സംഗീതം നൽകിയായിരുന്നു കുഞ്ഞിമൂസ ശ്രദ്ധേയനായത്.

മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ട്, ബദറുൽ മുനീർ, ഹുസുനുൽ ജമാൽ എന്നിവ പുതിയ ശൈലിയിൽ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. ഒട്ടേറെ നാടകഗാനങ്ങൾക്കും അദ്ദേഹം സംഗീതം നിർവഹിച്ചിരുന്നു. എട്ടുമക്കളുണ്ട്. പരേതനായ ഗസൽ ഗസൽ ഗായകൻ എം.എ ഖാദർ സഹോദരനാണ്. പാട്ടും ചുമന്നൊരാൾ എന്ന ജീവചരിത്രകൃതിയുമുണ്ട്.
 

Latest News