പാലക്കാട് - ലോറി ഡ്രൈവറോട് താൻ പരുഷമായി സംസാരിച്ചതുമായി ബന്ധപ്പെട്ട സംഭവം വിവാദമാക്കി മാറ്റിയതിനെതിരേ പി.കെ. ശശി എം.എൽ.എ. വിഷയ ദാരിദ്ര്യം കൊണ്ടാണോ ആളുകൾ ഇത്തരം കാര്യങ്ങളുടെ പിറകെ പോകുന്നത് എന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. റോഡിൽ നടന്ന ഒരു സംഭവത്തിൻമേലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അതിലുൾപ്പെട്ട ഡ്രൈവർ തന്നെ തെറ്റ് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ തനിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷൊർണൂർ എം.എൽ.എ.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ചെർപ്പുളശ്ശേരിക്കടുത്ത് മാങ്ങോട്ട് വെച്ചാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. തന്റെ കാറിനെ അപകടകരമായ രീതിയിൽ മറികടന്ന ലോറി തടഞ്ഞ് എം.എൽ.എ ഡ്രൈവറെ രൂക്ഷമായി ശകാരിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആരോ അത് മൊബൈലിൽ ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞ് സി.പി.എമ്മിൽ തിരിച്ചെത്തിയ നേതാവ് പഴയ ഫോമിലേക്ക് ഉയർന്നു എന്ന പരിഹാസത്തോടെയാണ് ദൃശ്യം വൈറലായത്.
എന്തിനാണ് വിഷയം വലിയ വിവാദമാക്കുന്നത് എന്നറിയില്ല. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി തന്റെ കാറിനെ അപകടകരമായ രീതിയിലാണ് മറികടന്നത്. ലോറി കാറിൽ ഇടിക്കേണ്ടതായിരുന്നു. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ആരും പ്രതികരിക്കും. അൽപം പരുഷമായാണ് താൻ സംസാരിച്ചത്. അത് സ്വാഭാവികമാണ്. ഓരോരുത്തർക്കും ഓരോ രീതിയുണ്ടല്ലോ. താൻ ലോറിയുടെ നമ്പർ എഴുതിയെടുത്തു. അത് പോലീസിൽ പരാതി നൽകാനായിരുന്നില്ല. ഡ്രൈവറെ ജാഗരൂകനാക്കാനായിരുന്നു അത്. പരാതി നൽകിയതുമില്ല. അങ്ങനെ ചെയ്താൽ ഡ്രൈവറെ അത് ബുദ്ധിമുട്ടിലാക്കും. അയാൾക്കും ഒരു കുടുംബം ഉണ്ട്. ഒരാളുടെയും ജീവിതത്തിൽ കൈവെച്ചു കളിക്കുന്നത് തന്റെ രീതിയല്ല. പലരെയും എതിർക്കാറുണ്ട്. അതൊന്നും ആരുടെയും ജീവിതത്തെ അപകടപ്പെടുത്തുന്ന വിധത്തിലാവരുതെന്ന് ശ്രദ്ധിക്കാറുണ്ട്.
സംഭവത്തിൽ യഥാർഥത്തിൽ പരാതിക്കാരൻ താനാണ്. തനിക്ക് തെറ്റു പറ്റിയതാണെന്ന് ഡ്രൈവർ സമ്മതിച്ചു. അതിൽ വിഷമമുണ്ടെന്ന് അദ്ദേഹം തന്നോട് പറയുകയും ചെയ്തു. എന്നാൽ അത് ഡ്രൈവറുടെ കുഴപ്പമാണെന്ന് പൂർണമായും പറയാനാവില്ല. ലോറിയുടെ വലതു വശത്ത് കണ്ണാടി ഉണ്ടായിരുന്നില്ല. അതു മൂലം കാഴ്ചയിൽ വന്ന തകരാറു മൂലമാണ് ലോറി കാറിൽ ഇടിക്കാൻ പോയത്.
ഇതിനിടെ വിവരമറിഞ്ഞ് പോലീസ് തന്നെ സമീപിച്ച് പരാതി നൽകാൻ ആവശ്യപ്പെട്ടു. അലക്ഷ്യമായ ഡ്രൈവിംഗിന് കേസെടുക്കണമെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. ഒരിക്കലും കേസ് എടുക്കരുതെന്ന് താൻ അവരോട് പറഞ്ഞു.
റോഡിൽ നടന്ന കാര്യങ്ങൾക്കെല്ലാം നാട്ടുകാർ സാക്ഷിയാണ്. അത് വലിയ അപരാധമായി ചിത്രീകരിച്ച് തനിക്കെതിരേ പ്രചാരണം നടത്തുന്നത് എന്തിനാണെന്ന് അറിയില്ല -പി.കെ.ശശി പറഞ്ഞു.