ജിദ്ദ- സ്‌കൂൾ വാനുകളിൽ ഡ്രൈവർമാരായി സ്വദേശി വനിതകളെ നിയോഗിക്കുന്നത് സജീവ പരിഗണനയിലാണെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്‌രി അറിയിച്ചു. സ്‌കൂൾ ഗതാഗത പദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, സ്‌കൂളുകളിൽ ഗതാഗത സൗകര്യം നടപ്പിലാക്കുന്ന തത്‌വീർ എജ്യുകേഷണൽ ട്രാൻസ്‌പോർട്ടേഷൻ സർവീസ് കമ്പനിയുമായി മന്ത്രാലയം ഒപ്പുവെച്ച കരാറിൽ വാഹനമോടിക്കുന്ന വ്യക്തി പുരുഷനാകണമെന്ന് തീർച്ചപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിനർഥം, വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ യോഗ്യരായ വനിതകൾക്ക് ഈ ഈ ജോലി നിർവഹിക്കുന്നതിന് തടസ്സമൊന്നുമില്ല എന്നാണ്.
30 നും 60 നുമിടയിൽ പ്രായമുള്ള പബ്ലിക് ട്രാൻസ്‌പോർട്ട് ലൈസൻസുള്ളവരാണ് സ്‌കൂൾ വാനുകളിലെ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ നൽകേണ്ടത്. പോലീസ് ക്ലിയറൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയും അപേക്ഷകൻ സമർപ്പിക്കണമെന്നും ഇബ്തിസാം അൽശഹ്‌രി പറഞ്ഞു.
2012ൽ പ്രവർത്തനം ആരംഭിച്ച തത്‌വീർ എജ്യുകേഷണൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിക്ക് സൗദിയിൽ 15,000 ലേറെ സ്‌കൂളുകളിൽ ഗതാഗത സേവനം ലഭ്യമാക്കുന്നുണ്ട്. നിലവിൽ 25,000 വാഹനങ്ങളുള്ള കമ്പനി വൈകാതെ 3100 വാനുകൾക്ക് കൂടി നിരത്തിലിറക്കും. രാജ്യത്തെ 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് തത്‌വീർ എജ്യുകേഷണൽ ട്രാൻസ്‌പോർട്ടേഷൻ സർവീസ് കമ്പനി സേവനം നൽകിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.