Sorry, you need to enable JavaScript to visit this website.

അമൽ നിസാമിനും ചിലത് പറയാനുണ്ട്

മുഹമ്മദ് നിസാം നിയമ സഹായ വേദി ചെയർമാൻ മേജർ മുഹമ്മദലി, കൺവീനർമാരായ പി.കെ. അഷ്‌റഫ്, സിറാജുദ്ദീൻ എന്നിവർ

രണ്ട് വർഷം മുമ്പ് തികച്ചും ആകസ്മികമായി തൃശൂർ ശോഭാ സിറ്റിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും ഭർത്താവ് നിസാം അറസ്റ്റിലാവുകയും  ചെയ്തത് മുതൽ തങ്ങളുടെ കുടുംബം ഇതിന്റെ പേരിൽ കടുത്ത യാതന അനുഭവിക്കുകയാണെന്ന് പ്രതി നിസാമിന്റെ ഭാര്യ അമൽ പറയുന്നു. ശോഭാ സിറ്റിയുടെ ഗേറ്റ് തുറന്ന് കൊടുക്കാൻ അൽപം വൈകി എന്ന കാരണത്താൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ധനാഢ്യനായ നിസാം കോടികൾ വിലയുള്ള ആഡംബര വാഹനം ഇടിച്ച് കൊലപ്പെടുത്തി എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇവിടം നിന്ന് തുടക്കമിട്ട മാധ്യമ വിചാരണ ഇപ്പോഴും തുടരുകയാണ്. കടുത്ത നിയമ ലംഘനവും നീതി നിഷേധവും മൂലം ഞങ്ങൾക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയും മറ്റു നഷ്ടങ്ങളും വിവരിക്കാനാകില്ല.
ശോഭാ സിറ്റിയിൽ അനിഷ്ട സംഭവങ്ങളുണ്ടായതിനെ തുടർന്ന് നിസാം അറസ്റ്റിലായതോടെ മധ്യസ്ഥ ശ്രമങ്ങളുമായി പലരും രംഗത്ത് വന്നു. ഞങ്ങൾ അവരോട് സഹകരിക്കാൻ  തയ്യാറായതായിരുന്നു. എന്നാൽ മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ പല ഗ്രൂപ്പുകളും ഭീമമായ തുക ആവശ്യപ്പെട്ടതോടെ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതായി വന്നു. മധ്യസ്ഥ ഗ്രൂപ്പുകളുടെ എണ്ണം വർധിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത ഗതികേടിലായി ഞങ്ങൾ. ചന്ദ്രബോസിന്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുത് തന്നെയാണ്. അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചെങ്കിലും മധ്യസ്ഥരായി രംഗത്ത് വന്ന ആളുകളുടെ ബാഹുല്യം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെ മധ്യസ്ഥർ പലരും ഞങ്ങൾക്കെതിരെ തിരിഞ്ഞു. നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ തുടരെ വന്നു തുടങ്ങിയതിന് പിന്നിൽ ഈ മധ്യസ്ഥ ഗ്രൂപ്പുകളായിരുന്നു. പത്രക്കാരും ചാനലുകാരുമെല്ലാം നേരിട്ടും അല്ലാതെയും ഇവരുടെ നിയന്ത്രണത്തിലാണെന്ന അവസ്ഥ കൈവരികയാണുണ്ടായത്. ഞങ്ങൾക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതായി.
നിസാമിന്റെ അപ്പീൽ ജാമ്യ ഹരജി കേൾക്കാൻ പോലും നീതിപീഠം തയ്യാറാകുന്നില്ല. ജസ്റ്റിസ് അബ്ദുറഹീമിന്റെ ഡിവിഷൻ ബെഞ്ച് ഈ കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറി. പിന്നീട് ജസ്റ്റിസ് സി.ടി രവികുമാറിന്റെ ബെഞ്ചും ഒഴിവായി. ശേഷം ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ബെഞ്ചിലെത്തിയെങ്കിലും മറ്റു രണ്ടു ബെഞ്ചുകളും കയ്യൊഴിഞ്ഞ കേസ് കേൾക്കാൻ അവരും തയ്യാറായില്ല. ഇതിനെല്ലാം ഒന്ന് മാത്രമാണ് കാരണം. നീതി ലഭിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അത് കൊണ്ട് തന്നെ വിവാദങ്ങളെ ഭയക്കുകയാണ് എല്ലാവരും. സ്വാഭാവികമായും ഞങ്ങൾക്ക് ലഭിക്കേണ്ട നീതിയും പരിഗണനയും നൽകാൻ ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്. ഞങ്ങൾക്ക് അർഹമായ നീതി നൽകിയാൽ മാധ്യമങ്ങൾ വിവാദങ്ങളുണ്ടാക്കുമെന്ന് ഭയന്ന് എല്ലാവരും ഒഴിഞ്ഞു മാറുന്നു. നിസാം ധനാഢ്യനായതുകൊണ്ട് അയാളുടെ കാര്യത്തിൽ ഏത് നിലയിൽ ആരിടപെട്ടാലും അതെല്ലാം വിവാദങ്ങളിലാണ് പര്യവസാനിക്കുന്നത്. ഞങ്ങളിപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
ഒരു ഭീകര കുറ്റവാളിയായി ചിത്രീകരിച്ചുകൊണ്ട് നിറംപിടിപ്പിച്ച വാർത്തകൾ തുടർച്ചയായി വന്നതോടെ ഒരു തടവുപുള്ളിക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങൾ പോലും നിസാമിന് നിഷേധിക്കപ്പെടുകയാണ്. നിലവിലുള്ള കേരളാ പ്രിസൺസ് റൂൾസ് പ്രകാരം പരോളിനും റെമിഷനുമുള്ള അർഹത നിസാമിനുണ്ട്. 1850 ഓളം തടവുകാർക്ക് റെമിഷൻ നൽകാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും ആ പട്ടികയിലുണ്ടായിരുന്ന നിസാമിനെ ഇത് സംബന്ധമായി വന്ന ചാനൽ വാർത്ത, അതൊന്നുകൊണ്ട് മാത്രം പട്ടികയിൽ നിന്ന് ഒഴിവാക്കി. പരോളിന്റെ കാര്യത്തിൽ സംഭവിച്ചതും ഇത് തന്നെയാണ്. മനുഷ്യാവകാശ ലംഘനമാണ് ഞങ്ങളുടെ കാര്യത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗിയായ ഉമ്മ സുബൈദാ അബ്ദുൽ ഖാദറിന് യാത്ര ചെയ്യാനാകില്ല. അടിയന്തരമായി ബൈപാസ് സർജറി നടത്തുന്നതിന് തിരുവനന്തപുരത്ത് നിന്ന് ഡോക്ടർ ഡേറ്റ് തന്നതാണ്. ഞാൻ വന്നിട്ട് മതി സർജറിയെന്ന് മകനും മകനില്ലാതെ തനിക്ക് സർജറി നടത്തേണ്ടെന്ന് ഉമ്മയും പറയുന്നു. നിസാമിന് പരോളിന് അർഹതയുണ്ട്. ചാനലുകാരെ ഭയന്ന് ജയിലധികൃതർ പരോൾ നൽകാൻ മടിക്കുന്നു. ചാനലുകാരണല്ലോ ഇപ്പോൾ ഇതെല്ലാം തീരുമാനിക്കുന്നത്.
വനിതാ എസ്.ഐയെ കാറിനകത്തിട്ട് പൂട്ടി എന്നൊരു കേസ് കൂടിയുണ്ട്. അന്ന് ഭർത്താവിനോടൊപ്പമുണ്ടായിരുന്ന ഞാനും കുട്ടികളും പുറത്തിറങ്ങി ഡോർ അടച്ചതാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം. വനിതാ എസ്.ഐ കാറിനകത്ത് കയറിയ കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. വെളിയിലുള്ള പോലീസുകാരുമായി ഭർത്താവ് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം. അകത്ത് നിന്ന് അവർക്ക് ഡോർ തുറക്കാമായിരുന്നു. പക്ഷേ, എസ്.ഐയെ കാറിനകത്ത് പൂട്ടിയിട്ടതായാണ് പിന്നീട് ചിത്രീകരിക്കപ്പെട്ടത്. 2013 ജൂൺ 13 ന് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് വനിതാ എസ്.ഐ ദേവിയെ കാറിനകത്തിട്ട് പൂട്ടി എന്ന് പോലീസ് പറയുന്ന കേസ് ഇപ്പോൾ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. 

നിസാമിന് ജീവപര്യന്തം, 71.30 ലക്ഷം രൂപ പിഴ
2016 ഡിസംബർ 14 ന് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം 2015 വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വാർത്താ പ്രാധാന്യം നേടിയ കേസുകളിൽ ഒന്നാം സ്ഥാനത്താണ് ചന്ദ്രബോസ് വധക്കേസ്. രണ്ടും മൂന്നും സ്ഥാനങ്ങളിലും മറ്റും വരുന്നതെല്ലാം കേരളത്തിന് വെളിയിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് അകത്തും പുറത്തും സജീവമായി ചർച്ച ചെയ്യപ്പെട്ട ചന്ദ്രബോസ് വധക്കേസിൽ ഒരു പക്ഷേ കേരളത്തിന്റെ നീതി-ന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ ആദ്യമായാകണം 71.30 ലക്ഷം രൂപ പിഴയും, ജീവപര്യന്തം തടവിന് പുറമെ വേറിട്ട് അനുഭവിക്കുന്നതിനായി 24 വർഷം തടവ് ശിക്ഷയും തൃശൂർ അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി സുധീർ വിധിക്കുന്നത്. ചരിത്രപരം തന്നെയാണ് ഈ വിധി. 
പ്രതി തൃശൂർ-അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി അടക്കാപറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാം (42) ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. നിയമവും നീതിയും സ്വാഭാവികമായി തന്നെ അതിന്റെ പൂർണാർത്ഥ തലത്തിൽ സാധാരണക്കാരന് ലഭ്യമാകും എന്ന മഹത്തായ സന്ദേശം ചന്ദ്രബോസ് വധക്കേസിലെ വിധിയിലുണ്ടെന്ന് പൊതുവെ അനുമാനിക്കുമ്പോൾ തന്നെ, സംഭവത്തിന് ശേഷവും, പിന്നീട് 79 ദിവസം നീണ്ടു നിന്ന വിചാരണ വേളയിലും മാധ്യമങ്ങൾ കൈക്കൊണ്ട നിലപാട് ചന്ദ്രബോസ് വധക്കേസ് വിധിയിൽ ഏറെ സ്വാധീനക്കപ്പെട്ടതായി നിയമജ്ഞർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ആകസ്മികമായുണ്ടായ ഒരു സംഭവമാണ് ചന്ദ്രബോസ് കേസെങ്കിലും ഒട്ടേറെ വിവാദങ്ങളും പ്രത്യേകതകളും കേസിനെ ശ്രദ്ധേയമാക്കി. രാഷ്ട്രീയമോ, മത-വർഗീയമോ, മറ്റോ ആയ പിന്നാമ്പുറ പശ്ചാത്തലം ഒന്നുമില്ലെങ്കിലും മാധ്യമങ്ങൾ വൻ വാർത്താ പ്രാധാന്യമാണ് ഈ കേസിന് നൽകിയത്. ഉത്ഭവം മുതൽ അന്വേഷണ-വിചാരണാ വേളകളിലുടനീളം വിവാദങ്ങൾ ഈ കേസിനെ പിന്തുടർന്നു. 
കർണാടക പോലീസിൽ നിസാമിനെതിരെ കേസുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇതിന്റെ വിവരങ്ങൾ ആരായുന്നതിനായി തൃശൂരിൽ നിന്ന് നിസാമിനേയും കൂട്ടി അന്വേഷണ സംഘം ബംഗളൂരിലേക്ക് പോയത് പോലീസിന്റെ വിനോദ യാത്രയാണെന്ന് റിപ്പോർട്ട് നൽകിയ മാധ്യമങ്ങൾ, നിസാമിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് അയാൾ ഫോൺ ചെയ്യുന്ന ഫോട്ടോ പകർത്തിയെടുത്ത് ബംഗളൂരു യാത്രക്കിടെ പോലീസുകാരുടെ മുന്നിൽ വെച്ച് നിസാം ഫോൺ ചെയ്യുന്നതായും ചിത്രീകരിച്ചു. ഈ  യാത്രാ വിവാദം അന്വേഷിക്കുന്നതിനായി നിസാമിനെ വിളിച്ച് വരുത്തിയ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലാതെ നിസാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം കൂടി ഉയർന്നതോടെ വിവാദങ്ങൾ ആളിക്കത്തി. തുടർന്ന് ജേക്കബ് ജോബിന് സ്ഥലം മാറ്റവും സസ്‌പെൻഷനും കിട്ടി. കോടതിയിൽ ഹാജരാക്കിയ വേളയിൽ  സമീപത്തെ ഹോട്ടലിൽ ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ നിസാമിന് അവസരം നൽകി എന്ന ആരോപണത്തെ തുടർന്ന് എസ്.ഐ ഉൾപ്പടെയുള്ള അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷനും ലഭിച്ചു. പി.എ മാധാവൻ എം.എൽ.എ ജയിൽ അഡൈ്വസറി കമ്മിറ്റിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ വിയ്യൂർ ജയിലിലെത്തിയത് നിസാമിനെ സന്ദർശിക്കാനായിരുന്നെന്നും ആരോപണവും അതിനിടെ ഉയർന്നു. കൈവിലങ്ങില്ലാതെയാണ് നിസാമിനെ കോടതിയിലേക്ക് കൊണ്ടുവരുന്നതെന്ന പരാതിയും മാധ്യമങ്ങൾ ഉന്നയിച്ചു. ചുരുക്കത്തിൽ മാധ്യമങ്ങളുടെ ഇടപെടൽ ചന്ദ്രബോസ് കേസിനെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കി. 

ഇരുപതിലേറെ ഹരജികൾ
ആകസ്മികമായുണ്ടായ ഒരു സംഭവത്തിൽ കുറ്റപത്രം റദ്ദാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും നിസാം നൽകിയ ഹരജി ആദ്യമേ കോടതി തള്ളി. തുടർന്ന് ഏഴു തവണ സുപ്രീം കോടതിയിലും 15  തവണ ഹൈക്കോടതിയിലും ഉൾപ്പെടെ ഇരുപതിലധികം തവണ നിസാം ഉന്നത നീതിപീഠങ്ങളെ സമീപിച്ചെങ്കിലും ഒരു വാതിലും തുറക്കപ്പെട്ടില്ല. തമിഴ്‌നാട്ടിൽ നീതി ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കേസിന്റെ വിചാരണ കർണാടകയിലേക്ക്  മാറ്റിയത് അവലംബമാക്കി തൃശൂർ കോടതിയിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞ് ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണ മറ്റേതെങ്കിലും  കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും കോടതി തള്ളി. ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ ഹാജരാക്കിയ സി.ഡി പരിശോധിക്കണമെന്ന നിസാമിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. മറിച്ച് 2016 ജനുവരി 31 ന് മുമ്പ് കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇത് മാറ്റാനായി വീണ്ടും ഹരജി നൽകി. അതും നടന്നില്ല. മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്നും വിധി പ്രസ്താവിക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ നിസാം ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിരാകരിച്ചു. ഹരജികളും അപേക്ഷകളുമായി നീതിപീഠങ്ങളെ നിരന്തരം സമീപിച്ചെങ്കിലും ഒരു നീതിപീഠവും നിസാമിനോട് കനിവ് കാണിച്ചില്ല. 
 
അമലിന് പറയാനുള്ളത്
ചന്ദ്രബോസ് കേസ് സംബന്ധിച്ച് പുറത്തറിഞ്ഞ വാർത്തകൾക്കപ്പുറത്ത് ഒരു പാട് സത്യങ്ങൾ മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം പുറത്ത് വരണം. ഭർത്താവ് നിസാം കുറ്റം ചെയ്തിട്ടില്ലെന്നോ പൂർണമായും നിരപരാധിയാണെന്നോ പറയുന്നില്ല. തെറ്റും ശരിയും കണ്ടെത്തേണ്ടത് നീതിപീഠമാണ്. നീതിപീഠത്തെ ഞങ്ങൾ ബഹുമാനിക്കുന്നു-അംഗീകരിക്കുന്നു. പക്ഷേ വളരെ ആസൂത്രിതമായി നീതിപീഠത്തേയും ജനങ്ങളേയും കബളിപ്പിക്കുന്നതിൽ ചിലർ വിജയിക്കുകയാണുണ്ടായത്. ബിസിനസ് സംബന്ധമായി ആ രംഗത്ത് ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. ഭർത്താവ് നിസാമിനും ഈ നിലയിൽ ശത്രുക്കളുണ്ടായിരുന്നു. തീർത്തും അപ്രതീക്ഷിതമായി ചന്ദ്രബോസ് സംഭവം ഉണ്ടായതോടെ കിട്ടിയ അവസരം ചിലർ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയായിരുന്നു. 
മരണപ്പെട്ട ചന്ദ്രബോസ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. അയാൾ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് ആരും തന്നെ പോലീസിന് മൊഴി നൽകിയിട്ടുമില്ല. ഇതിന് മറ്റ് രേഖകളുമില്ല. മാധ്യമങ്ങളാണ് ചന്ദ്രബോസിനെ സെക്യൂരിറ്റി ജീവനക്കാരനായി ചിത്രീകരിച്ചത്.  ചന്ദ്രബോസ് യൂണിഫോം ധാരിയുമായിരുന്നില്ല. സംഭ്രമജനകമായ പല കഥകളുമാണ് ചില മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കിയത്. ഭർത്താവ് നിസാമിന് 2000 ഏക്കർ തോട്ടവും 10,000 കോടിയുടെ മറ്റ് ആസ്തികളുണ്ടെന്നും 5 ലക്ഷം രൂപയുടെ ഷൂ ആണ് നിസാം ധരിക്കുന്നതെന്നും ആളുകളെ കൊല്ലാനായി പ്രത്യേക ബൈക്കുണ്ടെന്നും മൂന്ന് ഭാര്യമാരുണ്ടെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്.
സംഭവ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് ശോഭാ സിറ്റിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്തേക്ക്  ഹമ്മർ കാറുമായി ഭർത്താവെത്തുന്നത്. ഏറെ നേരം ഹോൺ മുഴക്കിയിട്ടും ഗേറ്റ് തുറക്കാതായപ്പോൾ ഭർത്താവ് ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിച്ചതാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാരുമായി നിസാം വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഭർത്താവ് പരിഭ്രമിച്ചുകൊണ്ട് എന്നെ ഫോണിൽ വിളിച്ചതോടെ ഞാൻ അവിടേക്ക് ഓടിച്ചെന്നു. ശോഭാ സിറ്റിയിലെ യൂണിഫോം ധരിച്ച നാല് സെക്യൂരിറ്റി ജീവനക്കാർ ഭർത്താവ് നിസാമിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഗേറ്റ് തുറന്ന് നിസാം വണ്ടിയിൽ ചാടിക്കേറി അതിശക്തമായി വണ്ടി മുന്നോട്ടെടുക്കവേയാണ് വലിയ ചില്ലു കഷ്ണവുമേന്തി, സെക്യൂരിറ്റി കാബിനിൽ നിന്നും ഏതാണ്ട് 100 അടി പിന്നിലായി നിസാമിനു നേരെ നില കൊണ്ടിരുന്ന ചന്ദ്രബോസിന്റെ മേൽ കാറിടിക്കുന്നത്. കൺട്രോൾ പോയ വാഹനം അവിടെയുള്ള ഭിത്തിയിലിടിച്ചാണ് നിന്നത്. ഇത് മനഃപൂർവ്വമായിരുന്നില്ല. സുരക്ഷാ ജീവനക്കാരിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ സംഭവിച്ചതാണ്. ഈ ചില്ല് കഷ്ണം പിന്നീട് പോലീസ് കണ്ടെടുക്കുകയും വിദഗ്ധ പരിശോധനയിൽ അതിൽ ചന്ദ്രബോസിന്റെ ഫിംഗർ പ്രിന്റ് പതിഞ്ഞതായും കണ്ടെത്തിയതാണ്. ഗുരുവായൂർ എ.സി.പി ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും പോലീസ് ചിത്രീകരിച്ചിരുന്നു. വൻകിട ബിസിനസുകാരും ധനാഢ്യരും താമസിക്കുന്ന 55 ഏക്കറിൽ അത്യാധുനിക സൗകര്യത്തോടെ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പായ ശോഭാ സിറ്റിയിലെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം വ്യക്തമായി പതിഞ്ഞതാണ്. പക്ഷേ പ്രവേശന ഗേറ്റിലുണ്ടായിരുന്ന ക്യാമറ പിന്നീട് ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഇതിനെപ്പറ്റി പോലീസിന് ഒരു മിണ്ടാട്ടവുമുണ്ടായില്ല.
അപകട സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് കണ്ടെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. ബോധപൂർവമാണ് ഇത്തരം നീക്കങ്ങൾ നടത്തിയത്. നിയമ വശങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആശുപത്രി ജീവനക്കാർ അത് നശിപ്പിച്ചു എന്നാണ് പോലീസ് കോടതിയിൽ വ്യക്തമാക്കിയത്. അപകടങ്ങളിലും ആക്രമണങ്ങളിലുമൊക്കെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ വസ്ത്രങ്ങൾ കേരളത്തിലെ ഒരാശുപത്രി ജീവനക്കാരും തിടുക്കപ്പെട്ട് നശിപ്പിച്ച സംഭവങ്ങൾ നേരത്തെ എവിടേയും പറഞ്ഞു കേട്ടിട്ടുമില്ല. ഇപ്രകാരം പോലീസ് പറയുന്ന കാര്യങ്ങൾ ഒരു തത്വദീക്ഷയുമില്ലാതെ മാധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നു. പൊതുജനം  അത് വിശ്വസിക്കാനും നിർബന്ധിതരായി. 19 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴി എടുത്തില്ല എന്ന് പോലീസ് പറഞ്ഞത് ശുദ്ധ കളവാണ്. ഇതിൽ ദുരൂഹതയുണ്ട്. ചന്ദ്രബോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതാണ്. പിന്നീട് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും അതിനുള്ള സാഹചര്യല്ല എന്നാണ് മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചത്.
സെക്യൂരിറ്റി ജീവനക്കാർ നിസാമിനെ അതിക്രൂരമായാണ് ആക്രമിച്ചത്. നിസാമിന്റെ മൂന്ന് വാരിയെല്ലുകൾ പൊട്ടി. അടിയേറ്റ് ചെവിയുടെ പാട തകർന്നു. പിറകിൽ നിന്ന് കാൽ കൊണ്ടുള്ള ശക്തമായ തൊഴിയിൽ ഡിസ്‌ക് ബൾജുണ്ടായി. മുഖമടച്ചുള്ള അടിയിൽ കണ്ണിന് പരിക്കേറ്റ് കാഴ്ചയും മങ്ങി. ശരീരം മുഴുക്കെ മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിലെ പരിക്കുകൾ നേരിൽ കണ്ട് ബോധ്യമായതിനാൽ മജിസ്‌ട്രേറ്റ് സ്വന്തം കൈപ്പടയിൽ തന്നെ ഇതെല്ലാം രേഖപ്പെടുത്തിയതാണ്. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം നിസാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയതോടെ പരിക്കുകൾ ബോധ്യപ്പെട്ട ഡോക്ടർമാർ നിസാമിനെ അഡ്മിറ്റ് ചെയ്യാനാണ് നിർദ്ദേശിച്ചത്. അബ്‌സൊല്യൂട്ട് ബെഡ് റെസ്റ്റ് എന്നാണ് ഡോക്ടർമാർ അവരുടെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വകവെക്കാതെ നിസാമിനെ ബലമായി പോലീസ് ഡിസ്ചാർജ് ചെയ്യിപ്പിച്ച് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതിനെല്ലാം ഹോസ്പിറ്റൽ റെക്കോർഡുകൾ തെളിവുകളായുണ്ട്. അന്നത്തെ മർദ്ദനത്തിന്റെ ശാരീരിക അവശതകൾ ഇന്നും നിസാമിനെ അലട്ടുന്നുണ്ട്. ചന്ദ്രബോസ് സംഭവത്തെ തുടർന്ന് തിരശ്ശീലക്ക് പിന്നിൽ ക്രൂരമായ പല കളികളും അരങ്ങേറിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. സത്യം പുറത്ത് വരണം.
ഭർത്താവ് നിസാമിനെതിരെ മജിസ്‌ട്രേറ്റ് മുമ്പാകെ ഞാൻ രഹസ്യ മൊഴി നൽകിയില്ലെങ്കിൽ കേസിൽ രണ്ടാം പ്രതിയാക്കി റിമാന്റ് ചെയ്യിക്കുമെന്ന് കേസന്വേഷണം നടത്തിയ പേരാമംഗലം സി.ഐ ബിജുകുമാർ പറഞ്ഞപ്പോൾ എനിക്ക് കടുത്ത ഭീതിയുണ്ടായിരുന്നു. സി.ഐയുടെ ഭീഷണി തുടർന്നപ്പോൾ ഞാൻ പിന്നീടൊന്നും ആലോചിച്ചില്ല. ഞാൻ കൂടി ജയിലിൽ പോയാൽ കുട്ടികളുടെ അവസ്ഥയോർത്ത് 164 വകുപ്പ് പ്രകാരം ഞാൻ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകി. വിചാരണ കോടതിയിൽ മൊഴി തിരുത്തിയതായി പറഞ്ഞ് എന്റെ പേരിലും കോടതി കേസെടുത്തു. ഞാനും കോടതി കയറിയിറങ്ങുകയാണ്.

നിസാമിനു വേണ്ടി നാട്ടുകാരുടെ നിവേദനം
ധനമോഹം മൂലവും രാഷ്ട്രീയ വൈരത്തിന്റെ പേരിലും വ്യക്തിവിരോധത്തിന്റെ പേരിലുമൊക്കെ എത്രയോ കൊലപാതകങ്ങൾ നടന്ന/ നടക്കുന്ന നാടാണ് നമ്മുടേത്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിസാം തെറ്റുകാരനാണോ, അല്ലയോ എന്നതല്ല ഞങ്ങളുടെ പ്രശ്‌നം. ചന്ദ്രബോസ് വധക്കേസ് അന്വേഷണത്തിൽ നിരവധി പാളിച്ചകളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ശോഭാ സിറ്റി സംഭവത്തെ തുടർന്ന് വിവാദങ്ങളുണ്ടാക്കുന്നതിൽ മാധ്യമങ്ങൾ മത്സരിച്ച് മുന്നേറിതോടെ, ശരിയായ രീതിയിലല്ല ഈ കേസന്വേഷണം മുന്നോട്ട് നീങ്ങിയത്. പല സത്യവും മൂടപ്പെട്ട് കിടക്കുകയാണ്. പ്രതി നിസാം ബിസിനസുകാരനും ധനാഢ്യനുമാണ് എന്നതുകൊണ്ട് തന്നെ ഊഹാപോഹങ്ങളും കേട്ടുകേൾവിയും അവലംബിച്ച് ബോധപൂർവമായും അല്ലാതെയും അടിസ്ഥാനരഹിതമായ വാർത്താ പ്രാധാന്യം ഈ കേസിന് നൽകിയതോടെ, സാധാരണ നിലയിൽ കോടതിയിലെത്തുന്ന കേസുകളിൽ  പ്രതികൾക്ക് അർഹതപ്പെട്ട നിയമാനുസൃത നടപടികളിൽ പലതും നിസാമിന് നിഷേധിക്കപ്പെട്ടതായാണ് അന്തിക്കാട്-മുറ്റിച്ചൂർ പ്രദേശം കേന്ദ്രമായി രൂപീകരിച്ച 'മുഹമ്മദ് നിസാം നിയമ സഹായ വേദി' ചെയർമാൻ മേജർ മുഹമ്മദലി പറയുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഗവർണർക്കും പതിനായിരം പേർ ഒപ്പിട്ട ഭീമൻ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ-ജാതി-മത ഭേദെമന്യേ 'മുഹമ്മദ് നിസാം നിയമ സഹായ വേദി' എന്ന കൂട്ടായ്മക്ക് ഞങ്ങൾ രൂപം നൽകിയപ്പോൾ നിസാം കോടികൾ വാരിയെറിഞ്ഞ് നാട്ടുകാരെ സ്വാധീനിക്കുകയാണെന്നാണ് ഒരു ചാനൽ കണ്ടെത്തിയത്. ഏറെ സമയം ചെലവിട്ടാണ്  ഇക്കാര്യത്തിൽ അവർ ചർച്ച നടത്തിയത്. ഇത്തരത്തിലുള്ള മാധ്യമ വിചാരണ കൊണ്ട് ആർക്ക് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് അഞ്ചാറ് ദിവസങ്ങൾക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാരുടെ സ്റ്റേറ്റ്‌മെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുകയും താനുമായി ചന്ദ്രബോസ് സംസാരിച്ചിരുന്നതായും അയാളുടെ ബന്ധു ദിനേശൻ സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിന് മൊഴി നൽകുകയും ചെയ്തിരുന്നു. ചന്ദ്രബോസ് ആശുപത്രി ബെഡ്ഡിൽ സാധാരണ രീതിയിൽ ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങളിൽ വന്നതുമാണ്. എന്നാൽ നിസാമിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്ന കൃത്യം ദിവസമാണ് ചന്ദ്രബോസ് മരണപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 19 ദിവസം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്.  ഇതിൽ കടുത്ത ദുരൂഹതയുണ്ട്. ചന്ദ്രബോസിന് ന്യൂമോണിയ പിടിപെട്ടതായും ചികിത്സാ പിഴവാണ് മരണം സംഭവിക്കാൻ കാരണമെന്നും ആശുപത്രി വൃത്തങ്ങളിൽ തന്നെ ശ്രുതിയുണ്ടായിരുന്നു. ചില മാധ്യമങ്ങൾ ഇപ്രകാരം വാർത്തയും നൽകിയിരുന്നു. ചന്ദ്രബോസിനെ ചികിത്സിച്ച ആശുപത്രിയിലെ 423 പേജുകളുള്ള കേസ് ഷീറ്റും 124 പേജുള്ള മറ്റ് അനുബന്ധ രേഖകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുനരന്വേഷണത്തിന് വിധേയമാക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ശോഭാ സിറ്റിയിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും സംഭവം നടക്കുമ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങളും ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്ന് പ്രചരിപ്പിച്ചതുമെല്ലാം ബോധപൂർവ്വം തന്നെയാണെന്നും മുഹമ്മദ് നിസാം നിയമ സഹായ വേദി ആരോപിക്കുന്നു.


 

Latest News