കയ്‌റോ- മുസ്‌ലിംകൾക്കിടയിലെ തീവ്രവാദികളും ഭീകരവാദികളും മതത്തെ കുറിച്ച് പരത്തിയ തെറ്റായ ധാരണകൾ മരണം വിതക്കുകയും നാശം വിതറുകയുമാണ് ചെയ്തതെന്ന് സൗദി മതകാര്യമന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് കുറ്റപ്പെടുത്തി. ഇതേ തുടർന്ന് അനേകം നാടുകൾ തകരുകയും സമുദായം ഛിന്നഭിന്നമാകുകയും ചെയ്തു. കയ്‌റോയിൽ കഴിഞ്ഞദിവസം, ഈജിപ്ഷ്യൻ മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച 30 ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക് സുപ്രീം കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക സമൂഹം ചരിത്രത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നുവെന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ഇസ്‌ലാമിന്റെ പേരിൽ ജനങ്ങൾക്കിടയിൽ തീവ്രതയും ഭീതിയും പടർത്തുന്നതിനാണ് ഭീകരസംഘടനയായ ബ്രദർഹുഡ് ശ്രമിച്ചത്. വിഭാഗീയതയും വിദ്വേഷവും വളർത്തുന്ന ഇവരുടെ ചെയ്തികൾ കാരണം ഇതരമതവിശ്വാസികൾ അകലുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അലസമായി ചടഞ്ഞിരുന്നാൽ രാഷ്ട്രനിർമിതി ഒരിക്കലും സാധ്യമാകില്ല. മറിച്ച്, സൈനീകം, സാമ്പത്തികം, ശാസ്ത്രീയം, സാമൂഹികം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഭൗതിക കാരണങ്ങളും സാംസ്‌കാരിക മാർഗങ്ങളും തേടൽ ഇതിന് അനിവാര്യമാണ്. നീതി, സഹനം, വിട്ടുവീഴ്ച, സഹവർത്തിത്വം, അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയ അടിസ്ഥാന നിയമങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ഒരു രാഷ്ട്രത്തിന്റെ നിർമിതിയിൽ അവിഭാജ്യമാണെന്നും സൗദി ഇസ്‌ലാമിക മന്ത്രി വിശദീകരിച്ചു. ഇസ്‌ലാം നിഷ്‌കർഷിക്കുകയും ബുദ്ധിയുള്ളവർ ഒന്നടങ്കം സമ്മതിക്കുകയും ചെയ്ത മതം, ശരീരം, അഭിമാനം, ബുദ്ധി, സമ്പത്ത് എന്നീ അഞ്ച് അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കാൻ സാധിച്ചെങ്കിൽ മാത്രമേ രാഷ്ട്രം ശക്തമായി നിലനിൽക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത മൂല്യങ്ങളും ആധുനികതയും സംയോജിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. ഇസ്‌ലാമിക, അറബ് ലോകത്തിന്റെ ശത്രുക്കൾ കുതന്ത്രങ്ങളേറെ പ്രയോഗിച്ചിട്ടും ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ച് ഉറച്ചുനിൽക്കാൻ ഇരുഹറമുകളുടെ നാടിന് കഴിഞ്ഞുവെന്നും ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. ദൈവീകാനുഗ്രഹത്തിന് പുറമെ, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ധിഷണാപരമായ നേതൃത്വപാടവമാണ് സൗദി അറേബ്യയുടെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും അഴിമതിക്കാർക്കുമെതിരെ ശക്തമായ പോരാടാനുള്ള ഊർജം നൽകി, രാജ്യത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിന് വിഷൻ 2030 സാമ്പത്തിക പരിഷ്‌കരണ പദ്ധതി സഹായകമായിട്ടുണ്ടെന്നും ഇസ്‌ലാമിക മന്ത്രി വിശദീകരിച്ചു.